തെഹ്‌റാന്‍: ഇസ്രായേലിന്റെ നിരീക്ഷണ ഡ്രോണ്‍ തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ ഇറാനിയന്‍ സൈന്യം ഡ്രോണ്‍ വെടിവെച്ചിട്ടതായാണ് ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. യു എസ്- ഇറാന്‍ സമാധാന ധാരണയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ പ്രഖ്യാപിക്കപ്പെടുമെന്ന സൂചനകള്‍ക്കിടെയാണ് പുതിയ സംഭവം.
തകര്‍ന്ന 'ഓര്‍ബിറ്റര്‍' ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ഇറാനിയന്‍ നാവികസേനയുടെ സഹായത്തോടെ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ നിര്‍മിത ആളില്ലാ വിമാനമാണ് ഇത് എന്നാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേന പ്രതികരിച്ചത്.
സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറുമായും മികച്ച ചര്‍ച്ച നടത്തിയതായി അറിയിച്ചിരുന്നു. ഇറാനും സമാധാനവുമായി ബന്ധപ്പെട്ട ധാരണാപത്രവും ചര്‍ച്ചകളില്‍ പ്രധാന വിഷയമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും താന്‍ ചര്‍ച്ച നടത്തിയതായും കരാറിന്റെ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായതായും ട്രംപ് അവകാശപ്പെട്ടു. അന്തിമ വിശദാംശങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഉടന്‍ പ്രഖ്യാപനം ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശിക്കപ്പെട്ട കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിലുള്ള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇറാനുമായി സമാധാന കരാറില്‍ 'നല്ല വാര്‍ത്ത' ഉടന്‍ ഉണ്ടാകാമെന്ന് സൂചന നല്‍കി. ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന് നല്ലൊരു വാര്‍ത്ത ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് താന്‍ കരുതുന്നതെന്നാണ് യു എസ്- ഇറാന്‍ കരാറിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് റൂബിയോ മറുപടി നല്‍കിയത്.
