യൂറോപ്യന്‍ ശക്തികളുമായി ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ആണവ ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

യൂറോപ്യന്‍ ശക്തികളുമായി ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ആണവ ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍


ടെഹ്‌റാന്‍: ചര്‍ച്ചകള്‍ പുന:രാരംഭിക്കാത്തതിനെ തുടര്‍ന്ന് ഇറാനുമേല്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ടെഹ്റാന്റെ ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ചര്‍ച്ച നടത്തുക. 

ചര്‍ച്ചകളുടെ സമയവും സ്ഥലവും തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്റെ അര്‍ധ- ഔദ്യോഗിക തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യങ്ങള്‍ ഉടന്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതായി ഒരു ജര്‍മ്മന്‍ നയതന്ത്ര സ്രോതസ്സ് ഞായറാഴ്ച സ്ഥിരീകരിച്ചു. 'വരും ആഴ്ചയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍  ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്രോതസ്സ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.

ഇസ്രായേലും യു എസും ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനുശേഷം യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ നയ മേധാവിയും ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി അവരുടെ ആദ്യ ഫോണ്‍ സംഭാഷണം നടത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

2015ലെ ആണവ കരാറിലെ ശേഷിക്കുന്ന കക്ഷികളാണ് ചൈനയും റഷ്യയും. 2018ല്‍ അമേരിക്ക ഈ കരാറില്‍ നിന്ന് പിന്മാറിയിരുന്നു.  

ഇസ്രായേല്‍- ഇറാന്‍ വ്യോമയുദ്ധത്തിന് മുമ്പ് ഇറാനും യു എസും തമ്മില്‍ ആണവ ചര്‍ച്ചകള്‍ പുന:രാരംഭിച്ചില്ലെങ്കില്‍ ഓഗസ്റ്റ് അവസാനത്തോടെ  ടെഹ്റാനില്‍ യു എന്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍  പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചയില്‍ പങ്ക് വഹിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് ഭീഷണിയുടെയും സമ്മര്‍ദ്ദത്തിന്റെയും നയങ്ങള്‍ മാറ്റിവയ്ക്കുകയും വേണമെന്ന് അരഗ്ചി കഴിഞ്ഞ ആഴ്ച പറഞ്ഞു.

കരാര്‍ ഉള്‍ക്കൊള്ളുന്ന യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം ഒക്ടോബര്‍ 18ന് കാലഹരണപ്പെടും. കരാര്‍ നിബന്ധനകള്‍ പ്രകാരം യു എന്‍ ഉപരോധങ്ങള്‍ മുന്‍കൂട്ടി വീണ്ടും നടപ്പിലാക്കാന്‍ കഴിയും. 

ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തിന് മുമ്പ് ടെഹ്റാനും വാഷിംഗ്ടണും ഏപ്രിലില്‍ ആരംഭിച്ച് അഞ്ച് റൗണ്ട് ആണവ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒമാന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങല്‍ ഉള്‍പ്പെടെ പ്രധാന തടസ്സങ്ങള്‍ അവര്‍ നേരിട്ടു. 

ജൂണ്‍ 13ന് ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ അപ്രതീക്ഷിത ആക്രമണം നടത്തിയപ്പോള്‍ യു എസ്- ഇറാന്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. പിന്നീട് അമേരിക്കയും ചേര്‍ന്നാണ് യുദ്ധം തുടങ്ങിയത്. ഇറാനുമായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തുന്നില്ലെന്ന് വാഷിംഗ്ടണ്‍ നിഗമനത്തിലെത്തിയതിനെത്തുടര്‍ന്ന് ഇരു കക്ഷികളും ഏകോപിപ്പിച്ചതായി ഇസ്രായേലും അമേരിക്കന്‍ ഉദ്യോഗസ്ഥരും സൂചിപ്പിച്ചു.

ഇസ്രായേലിനെ നശിപ്പിക്കാനുള്ള തങ്ങളുടെ പ്രഖ്യാപിത പദ്ധതി സാക്ഷാത്കരിക്കുന്നത് തടയാന്‍ ആക്രമണം ആവശ്യമാണെന്ന് ഇസ്രായേല്‍ പറഞ്ഞു.

ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ഇറാന്‍ നിഷേധിക്കുന്നുണ്ടെങ്കിലും അവര്‍ യുറേനിയം സമ്പുഷ്ടമാക്കുകയും അന്താരാഷ്ട്ര പരിശോധകരെ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതില്‍ നിന്ന് തടയുകയുംചെയ്തു. ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ വികസിപ്പിക്കുകയും ചെയ്തു. ആണവായുധവല്‍ക്കരണത്തില്‍ ഇറാന്‍ അടുത്തിടെ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പറഞ്ഞു.

ഇസ്രായേലുമായുള്ള സംഘര്‍ഷത്തില്‍ തകര്‍ന്ന വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ രാജ്യം മാറ്റിസ്ഥാപിച്ചതായി ഞായറാഴ്ച ഇറാന്റെ ഡെഫാ പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

സംഘര്‍ഷത്തിനിടെ ഇസ്രായേലിന്റെ വ്യോമസേന ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ ആധിപത്യം സ്ഥാപിക്കുകയും രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിന് കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തു. ഇറാനിയന്‍ സായുധ സേനയും ഇസ്രായേല്‍ പ്രദേശത്ത് തുടര്‍ച്ചയായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തി.