തെഹ്‌റാന്‍: ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കയുമായുള്ള സമാധാന കരാറിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കാനല്ല ഇറാന്റെ ശ്രമമെന്നും സമാധാന കരാറിന്റെ പേരില്‍ രാജ്യത്തിന്റെ അഭിമാനത്തിലും സ്വാഭിമാനത്തിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങള്‍ ആണവായുധം തേടുന്നില്ലെന്ന് ലോകത്തിന് ഉറപ്പുനല്‍കാന്‍ തയ്യാറാണെന്നും മേഖലയിലെ അസ്ഥിരത ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പെസെഷ്‌കിയാന്‍ പറഞ്ഞത്.
മേഖലയില്‍ കലാപാവസ്ഥ സൃഷ്ടിക്കുന്നത് ഇറാന്‍ അല്ലെന്നും അത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയുമായുള്ള കരാറിന്റെ രൂപരേഖ രൂപംകൊള്ളുന്ന സാഹചര്യത്തില്‍ സുപിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ചട്ടക്കൂടിന് പുറത്തും പരമോന്നത നേതാവിന്റെ അനുമതിയില്ലാതെയും ഇറാനില്‍ യാതൊരു തീരുമാനവും ഉണ്ടാകില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഇസ്രായേലിനെ ഇല്ലാതാക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് വരുന്ന ഇറാന്‍ 400 കിലോഗ്രാമിലധികം യൂറേനിയം ഉയര്‍ന്ന തോതില്‍ സമ്പുഷ്ടമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ആയുധനിര്‍മാണ നിലവാരത്തിലേക്ക് എത്തിക്കാന്‍ ചെറിയ സാങ്കേതിക ഘട്ടം മാത്രമാണ് ബാക്കിയെന്നാണ് വിലയിരുത്തല്‍. ഇറാന്റെ സമ്പുഷ്ട യൂറേനിയത്തിന് സിവിലിയന്‍ ഉപയോഗമില്ലെന്നാണ് യു എന്‍ ആണവ ഏജന്‍സിയുടെ നിലപാട്.
അതേസമയം കൂടുതല്‍ സമ്പുഷ്ടമാക്കിയാല്‍ 11 ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ മതിയാകുന്ന യൂറേനിയം ഇറാനുണ്ടെന്നാണ് ഇസ്രായേല്‍ അധികൃതരുടെ അവകാശവാദം.
അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഇറാനിയന്‍ സംഘം രാജ്യത്തിന്റെ അഭിമാനത്തിലും സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും പെസെഷ്‌കിയാന്‍ പറഞ്ഞു. അമേരിക്കയുമായുള്ള യുദ്ധ സാഹചര്യം അവസാനിപ്പിക്കാനുള്ള ധാരണ അടുത്തെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മേഖലയിലെ സഖ്യരാജ്യങ്ങളുമായി ചര്‍ച്ച നടത്തിയതായും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കരാറിന്റെ ഭൂരിഭാഗം കാര്യങ്ങളിലും ധാരണയായതായും അവകാശപ്പെട്ടിരുന്നു.
ഇറാന്‍ ആണവ ശേഖരം കുറയ്ക്കുക, ഉപകരണങ്ങള്‍ നീക്കുക, ചില കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക തുടങ്ങിയ പ്രതിബദ്ധതകള്‍ അമേരിക്കയുമായുള്ള കരാറിന്റെ ഭാഗമായി അംഗീകരിച്ചുവെന്ന തരത്തില്‍ ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ആണവായുധമില്ലെന്ന ഉറപ്പ് നല്‍കാമെന്ന പെസെഷ്‌കിയാന്റെ പരാമര്‍ശം.
എന്നാല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രകാരം ഇറാന്റെ ആണവ ബാധ്യതകളെക്കുറിച്ചുള്ള യാതൊരു വ്യവസ്ഥയും കരട് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കരാര്‍ ഒപ്പുവെച്ചതിന് ശേഷമുള്ള 60 ദിവസത്തെ പ്രത്യേക ചര്‍ച്ചകളിലേക്ക് മാറ്റിയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
ഇതിനിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇറാന്‍ ലോകമെമ്പാടുമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ചു.
ലോകത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യം ഇറാനാണെന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റൂബിയോ പറഞ്ഞു. ഹിസ്ബുള്ളയ്ക്കും ഹമാസിനും ഇറാന്‍ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സിവിലിയന്‍ കപ്പലുകളെ ബന്ദിയാക്കുകയും അന്താരാഷ്ട്ര ജലപാതകളില്‍ മൈനുകള്‍ സ്ഥാപിക്കുകയും ചെയ്യുകയാണ് ഇറാനെന്ന് റൂബിയോ ആരോപിച്ചു.
