ടെല്‍ അവീവ്: ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ ഒരു ഇസ്രയേലി ബന്ദിയുടെ മൃതദേഹം സാര്‍ജന്റ് മേജര്‍ താല്‍ ഹൈമിയുടേതാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 2023 ഒക്ടോബര്‍ 7ന് ഹമാസ് നേതൃത്വം നല്‍കിയ ആക്രമണത്തിനിടെ അദ്ദേഹത്തിന് സുരക്ഷാചുമതലയുണ്ടായിരുന്ന കിബൂട്ട്‌സില്‍ വച്ച് ഹൈമി കൊല്ലപ്പെട്ടതാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) അറിയിച്ചു. 41 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഭാര്യ, നാല് മക്കള്‍, പിതാവ്, സഹോദരി എന്നിവരെ അവശേഷിപ്പിച്ചാണ് അദ്ദേഹം പോകുന്നത്.
യു.എസ്. മധ്യസ്ഥതയില്‍ ഒക്ടോബര്‍ 9 ന് ഒപ്പുവെച്ച ഗാസാ വെടിനിര്‍ത്തല്‍ കരാറിന് ശേഷം തിരിച്ചറിഞ്ഞ 13ാമത്തെ മരിച്ച ബന്ദിയാണ് ഹൈമി. തായ് പൗരന്‍ സോന്തായ ഓക്കാറസ്രിയുടെ മൃതദേഹം കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. കരാറനുസരിച്ച് ഹമാസ് ഇതുവരെ 15 പേരുടെ മൃതദേഹങ്ങള്‍ കൂടി കൈമാറാനുണ്ടെന്നാണ് ഇസ്രയേല്‍ സ്രോതസ്സുകള്‍ പറയുന്നത്.
ഹൈമിയുടെ മൃതദേഹം റെഡ് ക്രോസ് ഗാസയില്‍ നിന്ന് വീണ്ടെടുത്ത് ഇസ്രയേലിലേക്ക് കൊണ്ടുവന്നതിനെത്തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.
ബന്ദികളായവരുടെ ബന്ധുക്കളുടെ സംഘടന ഹൈമിയുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തി. 'രണ്ടുവര്‍ഷത്തോളം നീണ്ട അനിശ്ചിതത്വത്തിനും വേദനയ്ക്കും ശേഷം അദ്ദേഹത്തിന്റെ മടങ്ങിവരവ് കുടുംബത്തിന് ഒരു ആശ്വാസമാകുന്നു,' സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഹമാസ് സമാധാന കരാര്‍ പാലിക്കാത്തപക്ഷം 'തെറ്റുതിരുത്താനുള്ള കഠിന നടപടി സ്വീകരിക്കുമെന്ന് ' യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ടെല്‍ അവീവില്‍ ട്രംപിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫും ജാരഡ് കുഷ്‌നറും ഐ.ഡി.എഫ്. ഉന്നതരുമായി വെടിനിര്‍ത്തല്‍ ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.
ഹമാസ് കൈമാറിയ മൃതദേഹം സാര്‍ജന്റ് മേജര്‍ താല്‍ ഹൈമിയുടേതെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു
