ഇവാങ്ക ട്രംപിന്റെ ആഡംബര റിസോർട്ട് പദ്ധതി വിവാദത്തിൽ; പരിസ്ഥിതി നാശഭീഷണിയെന്ന് പ്രതിഷേധക്കാർ

ഇവാങ്ക ട്രംപിന്റെ ആഡംബര റിസോർട്ട് പദ്ധതി വിവാദത്തിൽ; പരിസ്ഥിതി നാശഭീഷണിയെന്ന് പ്രതിഷേധക്കാർ


അൽബേനിയ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപും ഭർത്താവ് ജാരെഡ് കുഷ്‌നറും പിന്തുണയ്ക്കുന്ന അൽബേനിയയിലെ ആഡംബര റിസോർട്ട് പദ്ധതി കടുത്ത വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സംരക്ഷിത തീരദേശ മേഖലയിലും പ്രകൃതി സംരക്ഷണ മേഖലയിലുമാണ് പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും ആരോപണം.

മെഡിറ്ററേനിയൻ കടലിലെ ആളൊഴിഞ്ഞ സസാൻ ദ്വീപും അൽബേനിയൻ തീരദേശത്തെ അഞ്ച് മൈൽ നീളമുള്ള കടൽത്തീരവും ഉൾപ്പെടുത്തി ഹോട്ടലുകളും റിസോർട്ടുകളും വികസിപ്പിക്കാനാണ് പദ്ധതി. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്ത ഇവാങ്ക ട്രംപ്, ഈ പ്രദേശത്തെ 'അസാധാരണമായ പ്രകൃതി സൗന്ദര്യമുള്ള ദ്വീപ്' എന്ന് വിശേഷിപ്പിച്ചിരുന്നു.
എന്നാൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തീരപ്രദേശം സംരക്ഷിത പ്രകൃതി മേഖലയായ വിജോസ-നാർട്ട ലാൻഡ്‌സകേപ്പിന്റെ ഭാഗമാണ്. ഫ്‌ളമിംഗോകൾ, കടലാമകൾ, മോങ്ക് സീലുകൾ തുടങ്ങി നിരവധി അപൂർവ ജീവിവർഗങ്ങളുടെ ആവാസകേന്ദ്രമാണിത്. നിർമാണ പ്രവർത്തനങ്ങൾ ഇതിനകം തന്നെ മണൽക്കുന്നുകൾക്കും ജലാശയങ്ങൾക്കും നാശം വരുത്തിയതായി പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു.

അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. 'അൽബേനിയ വിൽപ്പനയ്ക്കല്ല' എന്ന മുദ്രാവാക്യവുമായി നിരവധി പേർ തെരുവിലിറങ്ങി. ഫ്‌ളമിംഗോകളുടെയും കടലാമകളുടെയും ചിത്രങ്ങളുമായി പ്രതിഷേധക്കാർ സംരക്ഷിത പ്രദേശം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.


ഇവാങ്ക ട്രംപിന്റെ ആഡംബര റിസോർട്ട് പദ്ധതി വിവാദത്തിൽ; പരിസ്ഥിതി നാശഭീഷണിയെന്ന് പ്രതിഷേധക്കാർ

അതേസമയം പദ്ധതിയെ പിന്തുണയ്ക്കുന്നവർ ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപങ്ങളിൽ ഒന്നായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. തൊഴിൽസാധ്യതകളും സാമ്പത്തിക വളർച്ചയും ഉണ്ടാകുമെന്നും അവർ  വാദിക്കുന്നു. എന്നാൽ, വികസനത്തിന്റെ പേരിൽ സംരക്ഷിത പ്രദേശങ്ങൾ നശിപ്പിക്കരുതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്.

പദ്ധതിയുടെ അന്തിമ രൂപരേഖ ഇതുവരെ തയ്യാറായിട്ടില്ലെന്നും പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണെന്നും വിവാദത്തിനിടെ അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ, വ്യക്തമാക്കി. പ്രകൃതിയെയും വികസനത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, സംരക്ഷിത മേഖലകളിൽ ആഡംബര റിസോർട്ടുകൾക്ക് അനുമതി നൽകുന്ന തരത്തിൽ അൽബേനിയ സർക്കാർ കഴിഞ്ഞ വർഷം നിയമഭേദഗതി നടത്തിയതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനും ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

നിർമാണ അനുമതികളും വിശദമായ പദ്ധതിപത്രങ്ങളും ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നതിനാൽ, പദ്ധതിയുടെ യഥാർഥ വ്യാപ്തിയും പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതവും സംബന്ധിച്ച ആശങ്കകൾ തുടരുകയാണ്.