ഇറാന്‍-യുഎസ് സംഘര്‍ഷം  ലോക സമാധാനത്തിന് ഭീഷണിയെന്ന് ജപ്പാന്‍


JANUARY 13, 2020, 11:08 AM IST

റിയാദ്:  ഇറാന്‍ അമേരിക്ക സംഘര്‍ഷം ലോക സമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ.ഇറാന്‍ സൈനിക മേധാവി കാസെം സുലൈമാനിയെ യുഎസ് സൈനികര്‍ ഇറാഖില്‍ വെച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ യുദ്ധസമാനമായ സംഘര്‍ഷമാണ് രൂപപ്പെട്ടതെന്നും ജപ്പാന്‍ പ്രധാനമന്ത്രി വിലയിരുത്തി.

അഞ്ച് ദിന ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ ഷിന്‍സോ ആബെ സൗദി അറേബ്യയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.

ജനറല്‍ കാസെമിന്റെ കൊലപാതകത്തിനുശേഷം ഇറാനും യുഎസും പരസ്പരം മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നത് സംഘര്‍ഷം മൂര്ച്ഛിക്കുന്നതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മേഖലയിലെ മാത്രമല്ല ലോകത്തിന്‍രെ തന്നെ സമാധാനത്തിന് ഭംഗം വരുത്തിയിരിക്കുകയാണ്. ഗള്‍ഫ് മേഖല സംഘര്‍ഷഭരിതമാണെങ്കില്‍ തന്റെ പര്യടനം തുടരാനാണ് ഷിന്‍സോ ആബെ തീരുമാനിച്ചിട്ടുള്ളത്.

ഞായറാഴ്ച സൗദി അറേബ്യയിലെത്തിയ ഷിന്‍സോ ആബെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഗള്‍ഫ് സംഘര്‍ഷത്തിന്‍രെ പശ്ചാത്തലത്തില്‍ ഒരുമണിക്കൂര്‍ ദീര്‍ഘിച്ച ചര്‍ച്ചകള്‍ നടത്തി.

സൗദിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അല്‍-ഉലയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 'ഗള്‍ഫ് മേഖലയില്‍ ഉണ്ടാകുന്ന ഏത് സായുധ പോരാട്ടവും ഇറാനെമാത്രമല്ല ലോകത്തെയാകമാനം ബാധിക്കുമെന്ന് ഷിന്‍സോ ആബെ പറഞ്ഞതായി ജപ്പാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് മസാട്ടോ ഒത്താക്ക അറിയിച്ചു. സംഘര്‍ഷം ലഘൂകരിക്കുന്നതിന് നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജപ്പാന്‍ സഹകരണവും വാഗ്ദാനം ചെയ്തു.

Other News