ഫേസ് ആപ്പ് :തികഞ്ഞ ജാഗ്രത വേണമെന്ന് കാസ്‌പർസ്കൈ


JULY 21, 2019, 3:55 AM IST

മോസ്‌കോ:ഫേസ് ആപ്പ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏജിങ് ആപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കാസ്‌പർസ്കൈ. ചെറുപ്പക്കാരെ പ്രായംചെന്ന രൂപത്തിലേക്ക് മാറ്റിക്കാണിക്കുന്ന ഇമേജ് എഡിറ്റർ ആണ് ഫേസ് ആപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇത്തരം ആപ്പുകളുടെ ഉപയോഗത്തിൽ വലിയ കരുതൽ വേണമെന്നാണ് ഇന്റർനെറ്റ് സുരക്ഷാ രംഗത്തെ ഭീമനായ റഷ്യൻ കമ്പനി കാസ്‌പർസ്കൈ മുന്നറിയിപ്പ് നൽകുന്നത്.

 

പ്ലേ സ്റ്റോറിലെ ഫേസ് ആപ്പ് സുരക്ഷിതമാണ്. എന്നാൽ  അതിന്റെ വ്യാജരൂപങ്ങളിലൂടെ ഉപയോക്താക്കളുടെ മൊബൈലിലും ലാപ്പ് ടോപ്പിലുമെല്ലാം മാൽവെയറുകൾ കടന്നുകൂടാൻ ഇടയുണ്ട്. ഫേസ് ആപ്പിന്റെ സെർട്ടിഫൈഡ് വേർഷൻ എന്ന തെറ്റിദ്ധാരണ പരത്തിയാണ് മോബി ഡാഷ് എന്ന മാൽവെയർ മൊഡ്യൂൾ പ്രചരിക്കുന്നത്. 

തെറ്റായ ലിങ്കുകൾ വഴിയും മറ്റും ഇത്തരം വ്യാജ ഫേസ് ആപ്പുകൾ ഡൗൺലോഡ് ചെയ്‌ത നൂറുകണക്കിന് ആളുകൾക്ക് അത് വിനയായതിനെത്തുടർന്നാണ് കമ്പനി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ നൂറുകണക്കിന് പേരുടെ മൊബൈലിലും മറ്റും മാൽവെയർ കയറിക്കൂടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്ന ആപ്പുകളിലാണ് വ്യാജന്മാർ ഇത്തരം പണികൾ ഒപ്പിക്കുന്നത്. അംഗീകൃത സോഴ്‌സുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഡൗൺലോഡ് ചെയ്യാവൂ. ഡിവൈസുകളിൽ സുരക്ഷാ ആപ്പുകൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്നും കമ്പനി വ്യക്തമാക്കുന്നു. പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർ നിർബന്ധമായും ലൈസൻസ് എഗ്രിമെന്റുകൾ ഗ്രഹിച്ചിരിക്കണം. 

ഈയിടെ നടത്തിയ ഒരു പഠനപ്രകാരം 63 ശതമാനം ആളുകളും ഇത്തരം നിബന്ധനകൾ വായിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നുമില്ല. 43 ശതമാനം ആളുകളും സ്വകാര്യതാ പെർമിഷനുകൾക്ക്  അതീവ ലാഘവത്തോടെയാണ് ടിക് മാർക്കുകൾ നൽകുന്നത്. 

Other News