കിം ജോങ് ഉന്‍ കൊലപ്പെടുത്തിയെന്ന് പ്രചരിപ്പിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥന്‍ കിമ്മിനൊപ്പം സംഗീത പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു


JUNE 4, 2019, 11:48 AM IST

പ്യോംഗ്യാംഗ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ചുമത്തി ഉത്തരകൊറിയ ഭരണകൂടം നാലു ഉദ്യോഗസ്ഥരൊടൊപ്പം കൊലപ്പെടുത്തിയെന്നും തടവിലാക്കിയെന്നും പ്രചരിപ്പിക്കപ്പെട്ട വിദേശമന്ത്രാലയ ഉദ്യോഗസ്ഥന്‍ കിം യോംഗ് ചോള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനൊപ്പം പ്രത്യക്ഷപ്പെട്ടു.

കൊറിയന്‍ പട്ടാള ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ നടത്തിയ സംഗീതപരിപാടിയില്‍ കിമ്മിനൊപ്പം പങ്കെടുക്കുന്ന ചോളിന്റെ ചിത്രം ഉത്തരകൊറിയന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. കിം ഇരിക്കുന്ന നിരയില്‍ ഇരുന്നു കൈയടിക്കുന്ന ചോളിന്റെ ചിത്രമാണ് പുറത്തുവന്നത്.

ഹാനോയിയില്‍ നടന്ന രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ചുമത്തി മുഖ്യ കൂടിയാലോചകന്‍ കിം ഹ്യോക് ചോള്‍ ഉള്‍പ്പെടെ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ ഉത്തരകൊറിയന്‍ ഭരണകൂടം വധശിക്ഷയ്ക്കു വിധേയരാക്കിയെന്നും യോംഗ് ചോളിനെ ലേബര്‍ ക്യാമ്പിലേക്ക് അയച്ചുവെന്നും ദക്ഷിണകൊറിയന്‍ പത്രം ചോസുണ്‍ ഇല്‍ബോയാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുമായി കൂടിയാലോചന നടത്തിയ പ്രത്യേക പ്രതിനിധി കിം ഹ്യോക് ചോളും വിദേശമന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരുമാണു വധിക്കപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാനോയിയില്‍ നടന്ന ഉച്ചകോടി പാതിവഴി അവസാനിപ്പിച്ച് ട്രംപ് ഇറങ്ങിപ്പോയിരുന്നു. പ്രതീക്ഷിച്ചപോലെ ചര്‍ച്ച വിജയകരമാകാതിരുന്നതിന് ഇവരെ ബലിയാടുകളാക്കുകയായിരുന്നു എന്നായിരുന്നു ദക്ഷിണകൊറിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ വര്‍ത്തയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെയും ഇത്തരം പല വാര്‍ത്തകളും പിന്നീട് തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ട്.

Other News