ആലപ്പുഴ: ചെങ്കടലിലെ കപ്പൽ ആക്രമണത്തിൽ കാണാതായ കായംകുളം പത്തിയൂർ സ്വദേശി ആർ. അനിൽകുമാർ സുരക്ഷിതൻ. ഭാര്യ ശ്രീജയെ ഫോണിൽ വിളിച്ച് താൻ യെമനിലുണ്ടെന്ന് അനിൽ കുമാർ കുടുംബത്തെ അറിയിച്ചു. മകൻ അനുജിനോടും സംസാരിച്ചെങ്കിലും കൂടുതലൊന്നും പറയാതെ വേഗത്തിൽ ഫോൺ വെച്ചെന്നും കുടുംബം പറഞ്ഞു. യെമൻ സൈന്യത്തിന്റെ പിടിയിലാണ് അനിൽ എന്നാണ് സൂചന. ഈ മാസം പത്തിനാണ് ചെങ്കടലിൽ ഹൂതികൾ ചരക്ക് കപ്പൽ ആക്രമിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 1.45 നാണ് ശ്രീജയുടെ ഫോണിലേക്ക് അനിൽകുമാർ വിളിച്ചത്. അനിൽകുമാറിനെ കാണാനില്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കപ്പൽ ആക്രമിക്കപ്പെട്ടപ്പോൾ അനിൽകുമാർ കടലിലേക്ക് ചാടി, മറ്റൊരു കപ്പലിൽ കയറി രക്ഷപ്പെടുത്തുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി അനിൽ കുമാറിനെ ഉടൻ നാട്ടിലെത്തിക്കും.
കപ്പലിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിൻ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാൻ അനിൽകുമാറിന്റെ ഭാര്യ ശ്രീജ കന്യാകുമാരിയിലെത്തിയിരുന്നു. കേന്ദ്രസർക്കാർ തലത്തിൽ അനിൽകുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഗ്രീക്ക് കമ്പനിയുടെ ലൈബീരിയൻ റജിസ്‌ട്രേഷനുള്ള 'ഏറ്റേണിറ്റി സി' എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 30 ഓളം ജീവനക്കാർ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി ഉൾപ്പെടെ ആറുപേരെ യൂറോപ്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
ചെങ്കടലിലെ കപ്പൽ ആക്രമണത്തിൽ കാണാതായ അനിൽകുമാർ സുരക്ഷിതൻ; യെമനിൽ നിന്ന് ഭാര്യയെ വിളിച്ചു
