റെക്കോർഡ് പൊലിമയിൽ ബുക്കര്‍ പങ്കിട്ട്  പങ്കിട്ട് രണ്ട് വനിതകള്‍


OCTOBER 16, 2019, 1:39 AM IST

ലണ്ടന്‍: കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബര്‍ണാഡിയന്‍ ഇവാരിസ്റ്റോയും 2019ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം പങ്കിട്ടു. ഇരുപത്തിയേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാന്‍ ബുക്കര്‍ പുരസ്‌കാരം രണ്ട് പേര്‍ പങ്കിടുന്നത്.

79 വയസുകാരിയായ അറ്റ്‌വുഡ് ഏറ്റവും പ്രായം കൂടിയ ബുക്കര്‍ ജേതാവായപ്പോള്‍ ബുക്കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി ഇവാരിസ്റ്റോ.

ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയും അവസാന പട്ടികയില്‍ ഇടം നേടിയിരുന്നു. ആറ്റ്‌വുഡിന്റെ 'ദ ടെസ്റ്റമെന്റ്സ്', ഇവാരിസ്റ്റോയുടെ 'ഗേള്‍, വുമണ്‍, അദര്‍' എന്നീ കൃതികളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ബ്രിട്ടനില്‍ താമസിക്കുന്ന 19നും 93നും ഇടയില്‍ പ്രായമുള്ള കറുത്തവര്‍ഗക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ പന്ത്രണ്ട് കഥാപാത്രങ്ങളുടെ കഥയാണ് ഇവാരിസ്റ്റോയുടെ 'ഗേള്‍, വുമണ്‍, അദര്‍' പറയുന്നത്. രണ്ടാം തവണയാണ് മാര്‍ഗരറ്റ് ആറ്റ്‌വുഡ് ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. 'ബ്ലൈന്‍ഡ് അസാസിന്‍സ്' എന്ന പുസ്തകത്തിന് 2000ത്തിലാണ് ആദ്യം സമ്മാനം നേടിയത്.

അറ്റ്‌വുഡ് 1985ല്‍ പ്രസിദ്ധീകരിച്ച 'ദ ഹാന്‍ഡ്മെയ്‌ഡ്‌സ് ടെയ്ല്‍' എന്ന ബെസ്റ്റ് സെല്ലര്‍ നോവലിന്റെ തുടര്‍ച്ചയാണ് 'ദ ടെസ്റ്റമെന്റ്സ്'.സ്‌ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതിന്റെ ചിത്രമാണ് രണ്ട് കൃതികളിലും.

50,000 പൗണ്ട് (ഏകദേശം 44 ലക്ഷം രൂപ) ആണ് സമ്മാനത്തുക. ഇത് ഇരുവരും പങ്കിട്ടെടുക്കും. രണ്ട് കൃതികളും വേര്‍തിരിക്കാനാവില്ലെന്ന ജൂറി അംഗങ്ങളുടെ നിലപാടാണ് ഇരുവര്‍ക്കും സമ്മാനം നല്‍കാന്‍ കാരണമായത്. മുന്‍പ് രണ്ട് തവണ പുരസ്‌കാരം സംയുക്തമായി നല്‍കിയിട്ടുണ്ടെങ്കിലും 1992ല്‍ ആ നിയമം മാറ്റി പുരസ്‌കാരം ഒരാള്‍ക്കേ നല്‍കാവൂ എന്ന് വ്യവസ്ഥ ചെയ്‌തിരുന്നു. അത് മറികടന്നാണ് ഇത്തവണത്തെ പുരസ്‌കാരപ്രഖ്യാപനം.

Other News