ഇന്തോനേഷ്യയിലെ ഓഫീസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ കുടുങ്ങി

ഇന്തോനേഷ്യയിലെ ഓഫീസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ കുടുങ്ങി


ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഒരു ഏഴ് നില ഓഫീസ് കെട്ടിടത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കുറഞ്ഞത് 20 പേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് (ഡിസംബര്‍ 7) മധ്യ ജക്കാര്‍ത്തയിലുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ ഉണ്ടായ ബാറ്ററി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ പിന്നാലെ തീ മുകളിലത്തെ നിലകളിലേക്ക് വേഗത്തില്‍ പടരുകയായിരുന്നു.

ഇതുവരെ അഞ്ചു പുരുഷന്മാരും 15 സ്ത്രീകളും ഉള്‍പ്പെടെ 20 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സെന്‍ട്രല്‍ ജക്കാര്‍ത്ത പൊലീസ് മേധാവി സുശാത്യോ പുര്‍ണോമോ കൊണ്ട്രോ പറഞ്ഞു. മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിഭാഗം ആളുകളും പൊള്ളലേറ്റല്ല, പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് പൊലീസ് വിലയിരുത്തല്‍. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

കെട്ടിടത്തിനകത്ത് ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്ന സാധ്യത നിലനില്ക്കുന്നതായി പൊലീസ് അറിയിച്ചു. തീ നിയന്ത്രണവിധേയമായെങ്കിലും കെട്ടിടത്തിന്റെ പല നിലകളിലും കനത്ത പുകയും അത്യുഷ്ണവും തുടരുകയാണ്. ഇതുമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു. ഡസന്‍കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ കെട്ടിടം തണുപ്പിക്കുകയും കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുകയാണ്. ചിലരെ പുറത്തേക്കെത്തിച്ചതായും മൃതദേഹങ്ങള്‍ ബോഡി ബാഗുകളിലാക്കി മാറ്റുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡ്രോണ്‍ സര്‍വേ സേവനങ്ങള്‍ നല്‍കുന്ന ടെറാ ഡ്രോണ്‍ ഇന്‍ഡോനേഷ്യയുടെ ഓഫീസ് കെട്ടിടമാണിതെന്നാണ് റിപ്പോര്‍ട്ട്. ഖനന, കൃഷി മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. ജപ്പാനിലെ ടെറാ ഡ്രോണ്‍ കോര്‍പ്പറേഷനില്‍നിന്ന് കമ്പനിക്ക് ധനസഹായം ലഭിച്ചതായും ഔദേ്യാഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇന്തോനേഷ്യയില്‍ അടുത്ത കാലത്തുണ്ടായ സമാനമായ രണ്ടാമത്തെ ദുരന്തമാണിത്. ഈ വര്‍ഷം ആദ്യം കിഴക്കന്‍ ഇന്തോനേഷ്യയിലെ നിക്കല്‍ പ്രോസസ്സിങ് പ്ലാന്റിലെ പൊട്ടിത്തെറിയില്‍ 12 പേര്‍ മരിക്കുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.