ഷിയുമായുള്ള ചര്‍ച്ച നിത്യശാന്തിയിലേക്കുള്ള വഴിത്തിരിവെന്ന് ട്രംപ്, വ്യാപാരയുദ്ധം ശമിച്ചു, തീരുവകള്‍ കുറച്ചു

ഷിയുമായുള്ള ചര്‍ച്ച നിത്യശാന്തിയിലേക്കുള്ള വഴിത്തിരിവെന്ന് ട്രംപ്, വ്യാപാരയുദ്ധം ശമിച്ചു, തീരുവകള്‍ കുറച്ചു


ബുസാന്‍ (ദക്ഷിണ കൊറിയ): ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ കൂടിക്കാഴ്ചയെ 'ഇരു രാജ്യങ്ങള്‍ക്കും ചരിത്രപരമായ വിജയം' എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ഈ കൂടിക്കാഴ്ച നിത്യശാന്തിക്കും വിജയത്തിനും വഴിതെളിക്കുമെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പോസ്റ്റില്‍ രേഖപ്പെടുത്തി.
ഒക്ടോബര്‍ 30ന് ബുസാനില്‍ നടന്ന എപെക് ഉച്ചകോടിയുടെ പരിസരത്ത് ഇരുനേതാക്കളും നടത്തിയ ചര്‍ച്ചയാണ് വ്യാപാരസാമ്പത്തിക കരാറിലെത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടെ തമ്മില്‍ ഏര്‍പ്പെടുത്തിയ പ്രതികാര തീരുവകളും പ്രതിരോധ നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു.

കരാറിന്റെ ഭാഗമായി അമേരിക്ക ചൈനീസ് ഇറക്കുമതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന 57 ശതമാനം തീരുവ 47 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു. ചൈന ഫന്റനില്‍ മയക്കുമരുന്ന് പ്രശ്‌നത്തില്‍ 'കഠിന നടപടി സ്വീകരിക്കാമെന്ന് ' ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തീരുവയില്‍ ഇളവ് അനുവദിച്ചത്.

'ഫന്റനിലിനെതിരെ അവര്‍ എടുത്ത നടപടി കാണാം. അതിനാല്‍ തീരുവ 10 ശതമാനമായി കുറച്ചിരിക്കുന്നു' എന്ന് ട്രംപ് പറഞ്ഞു.

'ഞങ്ങള്‍ക്കൊരു കരാര്‍ ലഭിച്ചു. ഈ കരാര്‍ വര്‍ഷം തോറും പുതുക്കിയേക്കാമെങ്കിലും, ദീര്‍ഘകാലം നിലനില്‍ക്കുമെന്നാണ് എന്റെ വിശ്വാസം.'- ഉച്ചകോടിക്ക് ശേഷം എയര്‍ ഫോഴ്‌സ് വണ്ണില്‍ കയറുംമുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു:

ചൈന വലിയ തോതില്‍ അമേരിക്കന്‍ സോയാബീന്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉടന്‍ വാങ്ങിത്തുടങ്ങുമെന്നും ട്രംപ് അറിയിച്ചു.
'വിപുലമായ തോതില്‍ സോയാബീന്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉടന്‍ വാങ്ങാന്‍ ചൈന തയ്യാറായി. പല മേഖലകളിലും ഞങ്ങള്‍ ഏകാഭിപ്രായത്തിലെത്തി'- എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.