പാലസ്തീന്‍ തടവുകാരനെ ഇസ്രായേല്‍ സൈനികന്‍ പീഡിപ്പിക്കുന്ന വീഡിയോ പുറത്തായ സംഭവത്തില്‍ സൈനിക നിയമോപദേഷ്ടാവ് രാജിവെച്ചു

പാലസ്തീന്‍ തടവുകാരനെ ഇസ്രായേല്‍ സൈനികന്‍ പീഡിപ്പിക്കുന്ന വീഡിയോ പുറത്തായ സംഭവത്തില്‍ സൈനിക നിയമോപദേഷ്ടാവ് രാജിവെച്ചു


തെല്‍ അവീവ്: ഗാസയില്‍ നിന്നും അറസ്റ്റ് ചെയ്ത പാലസ്തീന്‍ തടവുകാരനെ ഇസ്രയേല്‍ സൈനികര്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അന്വേഷണ വിവാദത്തില്‍ ഇസ്രയേല്‍ സൈനിക നിയമോപദേഷ്ടാവും മുഖ്യ നിയമ ഉദ്യോഗസ്ഥയുമായ അഡ്വക്കേറ്റ് ജനറല്‍ മേജര്‍ ജനറല്‍ യിഫാത് ടോമര്‍യെരൂശല്‍മി രാജിവെച്ചു. 2024 ഓഗസ്റ്റില്‍ വീഡിയോ പുറത്തുവിടാന്‍ താനാണ് അനുമതി നല്‍കിയതെന്ന് അവര്‍ രാജിപത്രത്തില്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ആരംഭിച്ച അന്വേഷണത്തില്‍ അഞ്ചു സൈനികര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്തിയതോടെ പ്രതിഷേധം വ്യാപിച്ചിരുന്നു. അന്വേഷണസംഘം മറ്റ് സൈനികരെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ വലതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.

ചോര്‍ന്ന ദൃശ്യങ്ങളില്‍ ചില സൈനികര്‍ ഒരാളെ വേര്‍തിരിച്ച് നായയുമായി ചുറ്റിനില്‍ക്കുകയും കലാപനിരോധന വസ്ത്രങ്ങള്‍ കൊണ്ട് അവരുടെ പ്രവര്‍ത്തികള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു.

ബുധനാഴ്ച പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കിയതനുസരിച്ച് വീഡിയോ ചോര്‍ച്ചയെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം തുടരുകയാണെന്നും ടോമര്‍യെരൂശല്‍മിയെ നിര്‍ബന്ധിത അവധിയില്‍ ആക്കിയതാണെന്നും അറിയിച്ചു.