സ്വീഡന്‍: ഏറെ പ്രതീക്ഷിച്ച സമാധാന നൊബേല്‍ പുരസ്‌കാരം യുഎസ് പ്രസിഡന്റിന് കിട്ടാക്കനിയായി; 2025ലെ സമാധാന നോബല്‍ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടത് വെനസ്വേലന്‍ നേതാവ് മരിയ കൊറിന മചാഡോയാണ്.
വെനസ്വേലയില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്കാണ് മരിയയ്ക്ക് സമാധാന നൊബേല്‍ നല്‍കുന്നതെന്ന് കമ്മിറ്റി പ്രസ്താവിച്ചു.
'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി അവര്‍ അക്ഷീണം പ്രവര്‍ത്തിച്ചതിനാണ് പുരസ്‌കാരം. സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കാനുള്ള അവരുടെ പോരാട്ടത്തിനാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്,' കമ്മിറ്റി പ്രഖ്യാപനത്തില്‍ പറഞ്ഞു.
വളരുന്ന ഇരുട്ടിന്റെ നടുവിലും ജനാധിപത്യത്തിന്റെ ജ്വാല ജ്വലിപ്പിച്ചു നിര്‍ത്തുന്ന ഒരു സ്ത്രീയുടെയും കൈകളിലേക്കാണ് ഇത്തവണ സമാധാന നൊബേല്‍ പോകുന്നതെന്ന് മച്ചാഡോയുടെ വിജയത്തെക്കുറിച്ച് കമ്മിറ്റി പറഞ്ഞു. വെനിസ്വേലയിലെ ജനാധിപത്യ സേനയുടെ നേതാവെന്ന നിലയില്‍, ലാറ്റിന്‍ അമേരിക്കയിലെ ജനങ്ങളുടെ സ്ഥൈര്യത്തിന്റെ ഏറ്റവും അസാധാരണമായ ഉദാഹരണങ്ങളില്‍ ഒരാളാണ് മരിയ കൊറിന മച്ചാഡോയെന്നും നൊബേല്‍ കമ്മിറ്റി പ്രസ്താവിച്ചു.
2025ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി 338 പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 244 വ്യക്തികളും 94 സംഘടനകളുമാണ്. നോര്‍വേയിലെ ഓസ്ലോയില്‍ വെച്ച് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിയാണ് സമ്മാനാര്‍ഹരെ പ്രഖ്യാപിച്ചത്. ഡിസംബര്‍ 10ന് സമ്മാനം വിതരണം ചെയ്യും. ആല്‍ഫ്രഡ് നോബലിന്റെ താല്‍പ്പര്യപ്രകാരമാണ് ഈ അന്താരാഷ്ട്ര പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നോമിനേഷനുകള്‍ രഹസ്യമായി സൂക്ഷിക്കുമെങ്കിലും, ചില നോര്‍വീജിയന്‍ പാര്‍ലമെന്റംഗങ്ങളും മറ്റ് അക്കാദമിക് വിദഗ്ധരും തങ്ങളുടെ ഇഷ്ട സ്ഥാനാര്‍ത്ഥികളെ പരസ്യമായി പ്രഖ്യാപിക്കാറുണ്ട്. ഇത് സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള പ്രചാരണത്തിന് സഹായകമാകാറുമുണ്ട്.
നോബല്‍ ഫൗണ്ടേഷന്റെ ചട്ടങ്ങള്‍ അനുസരിച്ച് ചില പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മാത്രമേ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ അനുവാദമുള്ളൂ. ഇതില്‍ രാജ്യസഭാംഗങ്ങള്‍, മന്ത്രിമാര്‍, രാഷ്ട്രത്തലവന്മാര്‍, അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ അംഗങ്ങള്‍, ചില സര്‍വ്വകലാശാലകളിലെ പ്രൊഫസര്‍മാര്‍, സമാധാന ഗവേഷണ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍, മുന്‍ നോബല്‍ സമ്മാന ജേതാക്കള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നു.
നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിയിലെ ഇപ്പോഴത്തെയും മുന്‍ അംഗങ്ങള്‍ക്കും മുന്‍ ഉപദേഷ്ടാക്കള്‍ക്കും നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. ഫെബ്രുവരി 1ന് ശേഷം നടക്കുന്ന ആദ്യ യോഗത്തില്‍ കമ്മിറ്റിയിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് അവരുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.
ട്രംപിന് നിരാശ: സമാധാന നൊബേല്‍ പുരസ്‌കാരം വെനസ്വേലന്‍ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്
