ഒമാനില്‍ സന്ദര്‍ശക വീസയില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം: നോര്‍ക്ക റൂട്ട്‌സ്


AUGUST 14, 2019, 2:17 AM IST

തിരുവനന്തപുരം:സന്ദര്‍ശക വീസയില്‍ ജോലി കിട്ടുമെന്ന വാഗ്‌ദാനത്തില്‍ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതായി നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. കുടുംബ വീസയിലോ, ടൂറിസ്റ്റ് വീസയിലോ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ഒമാനില്‍ എത്തി നിര്‍മാണ തൊഴിലിലും മറ്റും ഏര്‍പ്പെടുത്തുകയും പിന്നീട് ശമ്പളം കിട്ടാതെ വരികയും ചെയ്യുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി വ്യാപകമാണ്.

വിസിറ്റിംഗ് വീസ വഴി എത്തിയാല്‍ ജോലി ഉണ്ടാകില്ലെന്നുള്ളകാര്യം മറച്ചു വച്ച്‌ ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് ട്രാവല്‍ ഏജന്‍സികള്‍ സന്ദര്‍ശക വീസ നല്‍കുന്നത്.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നെങ്കിലും ആരും തന്നെ പരാതിപ്പെടാറില്ല എന്നതാണ് വസ്‌തുത. ഏതാനും ആഴ്‌ചകള്‍ക്കോ, ഒരു മാസത്തേയ്ക്കോ ലഭിക്കുന്ന സന്ദര്‍ശക വീസയുടെ കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസവും 10 ഒമാനി റിയാല്‍ (ഏകദേശം 1800 രൂപ) പിഴ അടയ്ക്കേണ്ടതായിട്ടുണ്ട്. 

പണവും പാസ്പോര്‍ട്ടും കയ്യിലില്ലാത്തതിനാല്‍ പലരും കിടക്കാന്‍ സ്ഥലമില്ലാതെ പബ്ലിക്ക് പാര്‍ക്കുകളിലും മറ്റും കിടക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. ആയതിനാല്‍ സന്ദര്‍ശക വീസയില്‍ ഒമാനില്‍ പോകുമ്പോള്‍ ജോലി കിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കണമെന്നും തട്ടിപ്പിനിരയാകരുതെന്നും നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Other News