അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത വനിത ഫുട്ബോള്‍ ടീം ബ്രിട്ടനില്‍ അഭയം തേടി


NOVEMBER 25, 2021, 7:34 AM IST

ലണ്ടന്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന് ശേഷം ജീവനും തൊണ്ടോടിയ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് ബ്രിട്ടനില്‍ അഭയം. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ നിന്ന് സുരക്ഷിതമായ ബ്രിട്ടനിലേക്കുള്ള അവരുടെ യാത്രയ്ക്ക് താങ്ങായത് റിയാലിറ്റി ഷോകളിലൂടെ താരമായ ഫാഷന്‍ ഐക്കണ്‍ കിം കര്‍ദാഷിയന്‍.

താരങ്ങളെ ചാര്‍ട്ടേഡ് വിമാനത്തില്‍ ബ്രിട്ടനില്‍ എത്തിക്കാനുള്ള എല്ലാം ചെലവുകളും വഹിച്ചത് കര്‍ദാഷിയന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയാണ്.

വനിതാ ഫുട്ബോള്‍ ടീമിലെ 35 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട 130 പേരാണ് ലണ്ടനില്‍ കഴിഞ്ഞ ദിവസം എത്തിയത്. ടീമിലെ മറ്റ് അംഗങ്ങള്‍ നേരത്തേ പോര്‍ച്ചുഗലിലേക്ക് രക്ഷപ്പെട്ടിരുന്നു. താലിബാന്‍ ഭരണത്തിലെത്തിയതോടെ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത ടീം അംഗങ്ങളും കുടുംബാംഗങ്ങളും 30 ദിവസമായി പാക്കിസ്ഥാനിലായിരുന്നു. ഒരു മാസം മാത്രം പാക്കിസ്ഥാനില്‍ കഴിയാനാണ് അവര്‍ക്ക് വിസയുണ്ടായിരുന്നത്. വിസ കാലാവധി തീര്‍ന്നാല്‍ അഫ്ഗാനിസ്ഥാലേക്കു മടങ്ങേണ്ടിവരുമോ എന്ന ആശങ്കയ്ക്കിടെയാണ് സഹായവുമായി കര്‍ദാഷിയന്‍ എത്തിയത്.

താരം ഇതേക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ പ്രതിനിധിയാണ് യാത്രയ്ക്ക് മേല്‍നോട്ടം വഹിച്ചത്. അഫ്ഗാനില്‍ കഴിഞ്ഞ ഓരോ ദിവസവും ഭീകരമായിരുന്നെന്ന് ഇപ്പോഴും നടുക്കത്തോടെ അവര്‍ ഓര്‍മ്മിക്കുന്നു. അവരുടെ യാത്രയ്ക്കു വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ച് യാത്ര സുഗമമാക്കിയ കര്‍ദാഷിയന് അവര്‍ നന്ദി പറയുകയും ചെയ്യുന്നു.

രക്ഷപ്പെട്ടെത്തിയ താരങ്ങള്‍ക്ക് ബ്രിട്ടനിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബായ ലീഡ്‌സ് യുണൈറ്റഡ് പരിശീലന സൗകര്യമുള്‍പ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫുട്ബോള്‍ വെറുമൊരു വിനോദം മാത്രമല്ലെന്നും ഏകാധിപത്യത്തിനെതിരെ പോരാടാനുള്ള ആയുധമാണന്നും കൂടി ഈ സംഭവം തെളിയിക്കുന്നതായി ലീഡ്‌സ് യുണൈറ്റഡ് അധികൃതര്‍ പറഞ്ഞു. കളി വിലക്കിയതോടെ താരങ്ങള്‍ക്കു വേണമെങ്കില്‍ ഫുട്ബോള്‍ ഉപേക്ഷിക്കാമായിരുന്നു.

എന്നാല്‍, ഫുട്ബോള്‍ അതവരുടെ ജീവശ്വാസമാണെന്ന് അവര്‍ തെളിയിച്ചെന്ന് ലീഡ്‌സ് ക്ലബ് അഭിപ്രായപ്പെട്ടു. 1996 മുതല്‍ 2001 വരെ താലിബാന്‍ നിയന്ത്രണത്തിലായിരുന്നപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ വനിതാ ഫുട്ബോള്‍ വിലക്കിയിരുന്നു. വനിതകള്‍ക്ക് ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുമതി കൊടുത്തിരുന്നില്ല. ഇത്തവണ വനിതാ ഫുട്‌ബോള്‍ ടീമിനെ നിരോധിച്ചതായി പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൊതു സ്റ്റേഡിയങ്ങളില്‍ കളിക്കാന്‍ ഇതുവരെ അനുവദിച്ചിട്ടില്ല.

Other News