ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (CDF) അസിം മുനീറിനെ നിയമിക്കുന്നതിനുള്ള നിര്‍ണ്ണായക വിജ്ഞാപനം പുറപ്പെടുവിക്കേണ്ട സമയത്ത് തന്നെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യത്തുനിന്ന് മാറിനിന്നത് വിവാദമാകുന്നു. വിജ്ഞാപനത്തില്‍ ഒപ്പിടുന്നത് ഒഴിവാക്കാനാണ് ഷെരീഫ് മനപ്പൂര്‍വ്വം വിദേശത്തേക്ക് പോയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ചെയ്തിട്ടുള്ളത്.
ഭരണഘടനയുടെ 27ാം ഭേദഗതിയിലൂടെ നിലവില്‍ വന്ന പുതിയ സിഡിഎഫ് പദവി ഏറ്റെടുക്കുന്നതോടെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും അധികാരമുള്ള സൈനിക മേധാവിയാകും. ഇത്രയും നിര്‍ണായകമായ സാഹചര്യത്തിലാണ് ഷെരീഫിന്റെ വിദേശയാത്ര കൂടുതല്‍ ചര്‍ച്ചയായിരിക്കുന്നത്.
ഷെരീഫ് ആദ്യം ബഹ്‌റൈനിലേക്കും തുടര്‍ന്ന് ലണ്ടനിലേക്കും പോയത് സമയക്രമം 'അതി കൗശലത്തോടെ കണ്ടില്ലെന്ന് നടിക്കുന്നതുപോലെ' ആയിരുന്നുവെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് അംഗമായ തിലക് ദേവാഷര്‍ എഎന്‍ഐയോട് വ്യക്തമാക്കി. അസിം മുനീറിന് അഞ്ചുവര്‍ഷത്തെ സിഡിഎഫ് കാലാവധി നല്‍കുന്ന വിജ്ഞാപനത്തില്‍ ഒപ്പിടേണ്ട ഉത്തരവാദിത്വം ഒഴിവാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നാണ് തിലക് ദേവാഷJിന്റെ വിലയിരുത്തല്‍.
മുനീറിന്റെ കരസേനാ മേധാവിയെന്ന നിലയിലെ മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിച്ച ദിവസമായ നവംബര്‍ 29ന് പുതിയ വിജ്ഞാപനം പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാല്‍ ആ ദിവസവും സര്‍ക്കാര്‍ നിശബ്ദത പാലിച്ചു. ഇതോടെ പാക്കിസ്ഥാന്‍ സൈന്യം അപൂര്‍വ്വമായ പ്രതിസന്ധിയിലേക്ക് നീങ്ങിയതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ അസിം മുനീറിന്റെ കരസേനാ മേധാവി സ്ഥാനം കാലഹരണപ്പെട്ടതിനാല്‍ രാജ്യത്തിന് ഔദ്യോഗിക സൈനിക മേധാവിയില്ല. ഇതിന് പുറമെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിനുകീഴിലുള്ള ആണവ കമാന്‍ഡ് അതോറിറ്റിക്കും നേതൃത്വം ഇല്ലാത്ത, ആശങ്കാജനകമായ അവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. സിഡിഎഫ് നിയമനത്തിന് പുതിയ വിജ്ഞാപനം അനിവാര്യമാണോ എന്ന കാര്യത്തില്‍ നിയമവിദഗ്ധര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതോടെ ആശയക്കുഴപ്പം കൂടുതല്‍ ആഴപ്പെട്ടു.
'ഒരു ആണവായുധ രാജ്യത്തിന് ഇത്തരത്തിലുള്ള സൈനിക കമാന്‍ഡ് ഇല്ലാത്ത സാഹചര്യം ദീര്‍ഘകാലം സഹിക്കാനാവില്ല' എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ മുന്നറിയിപ്പ്.
അസിം മുനീറിന്റെ പുതുക്കിയ നിയമനത്തില്‍ ഒപ്പുവയ്ക്കാതെ പ്രധാനമന്ത്രി നാടുവിട്ടു; സൈനിക മേധാവിയില്ലാതെ പാക്കിസ്ഥാന്‍
