ലോകത്തിലെ ഏറ്റവും മോശമായ നാലാമത്തെ പാസ്‌പോര്‍ട്ട് പാകിസ്ഥാന്റേത്


JANUARY 14, 2022, 10:18 PM IST

ന്യൂഡല്‍ഹി: ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2022 പ്രകാരം പാകിസ്താന്‍ പാസ്‌പോര്‍ട്ട് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും മോശമായതില്‍ നാലാം സ്ഥാനത്ത്. ലോകത്തിലെ 31 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമാണ് പാകിസ്താന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഫ്രീ, ഓണ്‍ അറൈവല്‍ വിസ ലഭ്യമാകുക. 

നേരത്തെ വിസയെടുക്കാതെ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനങ്ങളിലെത്താനാവുന്ന സ്ഥലങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക ലോകരാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ മികവ് പ്രസിദ്ധീകരിക്കുന്നത്. ഈ പട്ടികയില്‍ 108-ാം സ്ഥാനത്താണ് പാകിസ്താന്‍ ഇടം പിടിച്ചതെന്ന് ദി ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

കോവിഡിനെ തുടര്‍ന്നുണ്ടായ യാത്രാ നിയന്ത്രണങ്ങള്‍ സൂചികയുടെ 16 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള യാത്രാ പ്രതിസന്ധിക്ക് കാരണമായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എങ്കിലും സൂചിക താത്ക്കാലിക നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ യാത്രാ പ്രവേശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മാറ്റിവെച്ചാണ് ജപ്പാന്‍, സിംഗപ്പൂര്‍ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളാണ് ഒന്നാമതെത്തിയത്. ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 192 സ്ഥാനങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാനാവും. 

199 പാസ്‌പോര്‍ട്ടുകളുള്ള സൂചികയില്‍ അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിറകില്‍. മുന്‍കൂര്‍ വിസയില്ലാതെ ജപ്പാനും സിംഗപ്പൂരും 192 സ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനാവുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 26 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമേ എത്താനാവുകയുള്ളു.

Other News