ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തിനെതിരെ പാകിസ്താന്‍ പ്രതികരിച്ചു. ഇന്ത്യന്‍ പ്രധാമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനകള്‍ നിരസിക്കുന്നു എന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ പറഞ്ഞത്.
പ്രധാനമന്ത്രി മോഡി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുകയും ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നടത്തിയതിന് ഇന്ത്യന്‍ സായുധ സേനയെ പ്രശംസിക്കുകയും ചെയ്തിരുന്നു. പ്രധാന ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ഡസന്‍ കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി വിശദമാക്കി.
പാകിസ്ഥാനുള്ള മുന്നറിയിപ്പുകളില്‍ രാജ്യത്തെ തീവ്രവാദികള്‍ക്കും സൈനിക താവളങ്ങള്‍ക്കുമെതിരെ ഇന്ത്യ പ്രതികാരം താത്ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അത് അവസാനിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു, വെടിനിര്‍ത്തല്‍ ആദ്യം ആവശ്യപ്പെട്ടത് ഇസ്ലാമാബാദാണെന്നും കൂട്ടിച്ചേര്‍ത്തു.
മോഡിയുടെ പ്രസംഗത്തോട് പ്രതികരിച്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം 'സമീപകാല വെടിനിര്‍ത്തല്‍ ധാരണയില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സംഘര്‍ഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സ്ഥിരതയ്ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും' പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
'ഇന്ത്യ പ്രാദേശിക സ്ഥിരതയ്ക്കും പൗരന്മാരുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്ന്' പ്രതീക്ഷിക്കുന്നതായും പാകിസ്താന്‍ പറഞ്ഞു. ഭാവിയിലെ ഏത് ആക്രമണത്തെയും പൂര്‍ണ്ണ ദൃഢനിശ്ചയത്തോടെ നേരിടുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.