ഇസ്ലാമാബാദ് ചാവേര്‍ സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് പാകിസ്താനി താലിബാന്‍; ഇന്ത്യയെയും അഫ്ഘാനിസ്ഥാനും കുറ്റപ്പെടുത്തി ഇസ്ലാമാബാദ്

ഇസ്ലാമാബാദ് ചാവേര്‍ സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് പാകിസ്താനി താലിബാന്‍; ഇന്ത്യയെയും അഫ്ഘാനിസ്ഥാനും കുറ്റപ്പെടുത്തി ഇസ്ലാമാബാദ്


ഇസ്ലാമാബാദിലെ ജില്ലാ കോടതിക്കു സമീപം നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്താനി താലിബാനായ തെഹ്‌രിക്-ഇ-താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) വ്യക്തമാക്കി. 12 പേരുടെ ജീവന്‍ നഷ്ടമായ ചൊവ്വാഴ്ചത്തെ (നവം. 11) സ്‌ഫോടനത്തിന് പിന്നാലെ, ടി.ടി.പി യുടെ ഉപ വിഭാഗമായ ജമാഅത്-ഉല്‍-അഹ്‌റാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുസംഘടനകളും അതില്‍ നിന്ന് പിന്‍മാറി.

 സ്‌ഫോടനവുമായി തങ്ങള്ക്ക് ബന്ധമില്ലെന്ന് പുതിയ പ്രസ്താവനയില്‍ ജമാഅത്-ഉല്‍-അഹ്‌റാറിന്റെ നേതാവ് സര്‍ബകഫ് മുഹമ്മദ്, ടി.ടി.പി വക്താവ് മുഹമ്മദ് ഖുറസാനി എന്നിവര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ പാകിസ്താനി താലിബാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ 'ഇസ്ലാമിക നിയമങ്ങള്‍ക്കു വിരുദ്ധമായ വിധികള്‍ പ്രസ്താവിച്ച ജഡ്ജിമാരെയും അഭിഭാഷകരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യ
മിട്ട് ആക്രമണം നടത്തി' എന്നതായിരുന്നു  ഭീകര സംഘനയുടെ അവകാശവാദം.

അതേസമയം സ്‌ഫോടനത്തിനു ശേഷം രാജ്യത്തെ ഭരണകൂടം അയല്‍രാജ്യങ്ങളായ ഇന്ത്യയെയും അഫ്ഘാനിസ്ഥാനെയുമാണ് കുറ്റപ്പെടുത്തിയത്.

'ഇത് ഇന്ത്യനടത്തിയ 'സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഡ് ടെററിസം' ആണെന്ന്' പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു. 'നാം യുദ്ധാവസ്ഥയിലാണ്. കാബൂളിലെ ഭരണാധികാരികള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പാകിസ്താനിലേക്കുള്ള തീവ്രവാദം നിര്‍ത്താനാകും,' എന്ന് പ്രതിരോധമന്ത്രി ഖവാജ അസിഫ് പറഞ്ഞു. 'ഇന്ത്യയുടെ പിന്തുണയുള്ള ഭീകരസംഘടനകളും അഫ്ഘാന്‍ താലിബാന്‍ പ്രതിനിധികളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന്' ആഭ്യന്തരമന്ത്രി മുഹമ്മദ് നഖ്‌വി ആരോപിച്ചു.

പാകിസ്താന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യ രംഗത്തുവന്നു. 'പാകിസ്താന്‍ നേതൃത്വം ഭ്രമാവസ്ഥയിലാണ്. സ്വന്തം ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യക്കെതിരെ വ്യാജകഥകള്‍ തീര്‍ക്കുന്ന പ്രവണതയാണ് ഇത്. അന്തര്‍ദേശീയ സമൂഹം ഈ നാടകം തിരിച്ചറിഞ്ഞിട്ടുണ്ട്.' എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രന്ധീര്‍ ജയ്‌സ്വാല്‍ പ്രസ്താവിച്ചു.

പാകിസ്താനിലെ ഭരണകൂടവും  സൈനിക നേതൃത്വവും തമ്മിലെ അധികാര വടംവലി മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.