പാലസ്തീന്‍ രാഷ്ട്രം മാത്രം പരിഹാരം; ഇസ്രായേല്‍ പ്രശ്‌നത്തില്‍ പോപ്പ് ലിയോ

പാലസ്തീന്‍ രാഷ്ട്രം മാത്രം പരിഹാരം; ഇസ്രായേല്‍ പ്രശ്‌നത്തില്‍ പോപ്പ് ലിയോ


ഇസ്താംബുള്‍:  ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ സ്ഥിരപരിഹാരമായി ഒരു പാലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണം അനിവാര്യമാണെന്ന് വത്തിക്കാന്‍ നിലപാട് വീണ്ടും ഉറപ്പിച്ചു കൊണ്ട് പോപ്പ് ലിയോ അറിയിച്ചു. തുര്‍ക്കിയില്‍ നിന്നു ലെബനനിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇസ്രായേല്‍ ഇപ്പോഴും ഈ പരിഹാരം അംഗീകരിക്കുന്നില്ലെങ്കിലും, നീതി പുലര്‍ത്തുന്ന ഏക വഴിയെന്ന് ഞങ്ങള്‍ കാണുന്നു,' എന്നും ലോകത്തെ 1.4 ബില്യണ്‍ കത്തോലിക്ക വിശ്വാസികളുടെ നേതാവ് വ്യക്തമാക്കി. ഇരു പക്ഷങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥ ശബ്ദമായി പ്രവര്‍ത്തിക്കാന്‍ വത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലസ്തീന്‍ രാഷ്ട്രത്തെ സംബന്ധിച്ച് അമേരിക്ക പോലും അനുകൂല സൂചനകള്‍ നല്‍കിയ സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

തുര്‍ക്കി സന്ദര്‍ശനം കേന്ദ്രീകരിച്ച എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പത്രസമ്മേളനത്തിലാണ് പോപ്പിന്റെ ഈ പ്രസ്താവനകള്‍. തുര്‍ക്കി പ്രസിഡന്റ് റജപ് ത്വയ്യിപ് എര്‍ദൊഗാനുമായുള്ള കൂടിക്കാഴ്ചയില്‍ ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്‌നവും റഷ്യ-യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ച ചെയ്യപ്പെട്ടതായി പോപ്പ് അറിയിച്ചു. ഇരു സംഘര്‍ഷങ്ങളും അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന രാജ്യമാണ് തുര്‍ക്കിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ലോകമെമ്പാടും രക്തപാതങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മനുഷ്യരാശിയുടെ ഭാവി അപകടത്തിലാണെന്നും പോപ്പ് പറഞ്ഞു. മതത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ അദ്ദേഹം വീണ്ടും അപലപിച്ചു.

ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടി ശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന പോപ്പ് ലിയോ, ധാര്‍മിക സഹവര്‍ത്തിത്വത്തിന്റെ ഉദാഹരണമായി തുര്‍ക്കിയെ പ്രശംസിച്ചു.

ചൊവ്വാഴ്ച വരെ തുടരുന്ന ലെബനന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പോപ്പ് പിന്നീട് റോമില്‍ തിരിച്ചെത്തും.