അമേരിക്കൻ സൈനിക താൽപര്യങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ ചൈനയുടെ സൈനിക അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കുന്ന കമ്പനികളുടെ പുതുക്കിയ പട്ടിക അമേരിക്കൻ പ്രതിരോധ വകുപ്പ് (പെന്റഗൺ) പുറത്തിറക്കി. ഇകൊമേഴ്‌സ് രംഗത്തെ ഭീമനായ അലിബാബ , സെർച്ച് എൻജിൻ കമ്പനി ബൈഡു, ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി വൈ ഡി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ചൈനീസ് സ്ഥാപനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അടുത്തിടെ കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ച സാഹചര്യത്തിലാണ് പുതിയ പട്ടിക പുറത്തുവന്നത്. ഇതോടെ ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ വീണ്ടും സമ്മർദം വർധിക്കുമെന്നാണ് വിലയിരുത്തൽ.
ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച് പിന്നീട് വിശദീകരണമില്ലാതെ പിൻവലിച്ച പട്ടികയുടെ പുതുക്കിയ രൂപമാണ് ഇപ്പോൾ പുറത്തിറക്കിയത്. മുൻപുണ്ടായിരുന്ന പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്ന മെമ്മറി ചിപ്പ് നിർമ്മാതാക്കളായ ചാങ് ഷിൻ മെമ്മറി ടെക്‌നോളജീസ്, യാംങ്‌സെ മെമ്മറി ടെക്‌നോളജീസ് എന്നിവയെ വീണ്ടും ഉൾപ്പെടുത്തി.
അലിബാബ, ബൈഡു, ടെൻസെന്റ് എന്നിവയ്‌ക്കൊപ്പം കൃത്രിമ ബുദ്ധി, നൂതന നിർമാണ സാങ്കേതികവിദ്യ, റോബോട്ടിക്‌സ് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളും പട്ടികയിലുണ്ട്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വുക്‌സി ആപ്പ് ടെക് , മനുഷ്യസദൃശ റോബോട്ടുകൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പായ യൂണിറ്റയറീ എന്നിവയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ കമ്പനികൾക്കും സർക്കാർ ഏജൻസികൾക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പായാണ് ഈ പട്ടികയെന്ന് യു.എസ്. ഹൗസ് ചൈന സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷനായ ജോൺ മൂലനാർ പറഞ്ഞു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സ്ഥാപനങ്ങളുമായി അമേരിക്കൻ കമ്പനികൾ നടത്തുന്ന വ്യാപാരബന്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്കെതിരെ ഉടൻ നിയമനടപടികൾ ഉണ്ടാകില്ലെങ്കിലും, ഭാവിയിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള വഴിയൊരുക്കുന്നതാണ് പെന്റഗണിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈനീസ് ടെക് ഭീമൻമാർക്ക് പെന്റഗൺ മുന്നറിയിപ്പ്; അലിബാബയും ബൈഡുവും ഉൾപ്പെടെ പുതിയ പട്ടിക പുറത്ത്
