ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ ചുമതലയേറ്റു


MAY 13, 2022, 8:18 AM IST

കൊളംബൊ: റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. പ്രസിഡന്റ് ഗോതാബായ രജപക്‌സെയുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുന്‍ പ്രധാനമന്ത്രികൂടിയായ റെനില്‍ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. നേരത്തെ നാലുതവണ റെനില്‍ വിക്രമസിംഗെ ലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്.

അതിനിടെ, ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പേരില്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും മകനും എംപിയുമായ നമല്‍ രാജപക്‌സെയും ഉള്‍പ്പെടെ 17 പേര്‍ക്കു കോടതി വിദേശ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

ഗോതഗോഗാമയിലും മൈനഗോഗാമയിലും സമാധാനപരായി നടന്ന പ്രതിഷേധങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ക്രിമിനല്‍ അന്വേഷണ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മജിസ്‌ട്രേറ്റ് ഉത്തരവ്.ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ, സനത് നിശാന്ത, പവിത്ര വണ്ണിയാരാച്ചി, സി ബി രത്നായകെ, സഞ്ജീവ എദിരിമാനെ എന്നിവരുള്‍പ്പെടെ ഭരണകക്ഷിയായ ശ്രീലങ്കന്‍ പൊതുജന പെരമുനയെ (എസ്എല്‍പിപി) പ്രതിനിധീകരിക്കുന്ന 13 എംപിമാര്‍, കോടതി വിലക്ക് ഏര്‍പ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു. പശ്ചിമ പ്രവിശ്യയിലെ സീനിയര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (എസ്ഡിഐജി) ദേശബന്ധു തെന്നക്കൂണും അക്രമത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കായി രാജ്യത്ത് തുടരേണ്ട ആളുകളുടെ പട്ടികയിലുണ്ട്.

തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു മുന്നിലും പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ സെക്രട്ടേറിയറ്റിനു സമീപത്തും തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പ്രതിഷേധകരുടെ ആരോപണം.രാജി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ, മഹീന്ദ രാജപക്‌സെ താഴെത്തട്ടിലുള്ള അനുയായികളെ അണിനിരത്തി രാഷ്ട്രീയശക്തി തെളിയിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഇടക്കാല സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കുന്നതിനായി രാജിവയ്ക്കാന്‍ ഭരണസഖ്യത്തിനുള്ളില്‍നിന്ന് അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദം ഉയരുകയായിരുന്നു.

മഹീന്ദ രാജപക്‌സെ വികാരാധീനമായ പ്രസംഗം നടത്തുകയും അദ്ദേഹത്തിന്റെ അനുയായികള്‍, രാജ്യത്തിന്റെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആരോപിച്ചുകൊണ്ട് പ്രെധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആഴ്ചകളോളം സമരം ചെയ്ത പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തു. രോഷാകുലരായ ജനക്കൂട്ടം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള നിരവധി എംപിമാരുടെ വീടുകളും ഓഫീസുകളും കത്തിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മഹിന്ദ രാജപക്‌സെ രാജിവയ്ക്കുകയും രാജ്യത്തുടനീളം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു.

2005 മുതല്‍ 2015 വരെ പ്രസിഡന്റായിരിക്കെ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ)യ്‌ക്കെതിരായ ക്രൂരമായ സൈനിക നീക്കത്തിനു പേരുകേട്ട മഹിന്ദ രാജപക്‌സെയുടെ സ്വകാര്യ വസതി തിങ്കളാഴ്ച പ്രതിഷേധകര്‍ തീവച്ചു നശിപ്പിച്ചിരുന്നു. തന്റെ അനുയായികള്‍ക്ക് നേരെയുണ്ടായ കടുത്ത ആക്രമണങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന്, ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീസില്‍നിന്ന് ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം പലായനം ചെയ്ത് ട്രിങ്കോമലയിലെ നാവിക താവളത്തില്‍ അഭയം പ്രാപിക്കേണ്ടി വന്നു. തിങ്കളാഴ്ചത്തെ സംഭവത്തിന് പ്രേരകമായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബുധനാഴ്ച രാത്രി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പറഞ്ഞിരുന്നു.

1948ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയശഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. വിദേശ കറന്‍സിയുടെ അഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു പരിധി വരെ കാരണമായത്. പ്രധാന ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ഇറക്കുമതിക്കു പണം താങ്ങാന്‍ കെഴിയാതെ വന്നതോടെ രൂക്ഷമായ ക്ഷാമത്തിലേക്കും വന്‍ വിലക്കയറ്റത്തിലേക്കും ശ്രീലങ്ക എത്തിപ്പെട്ടിരിക്കുകയാണ്.

രാജപക്‌സെ സഹോദരന്മാരുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഏപ്രില്‍ ഒന്‍പതു മുതല്‍ ശ്രീലങ്കയിലുടനീളം തെരുവിലിറങ്ങിയത്. ശക്തരായ രാജപക്‌സെ വംശജരാണ് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തുന്നത്. ഭെരണത്തിലുള്ള അവസാനത്തെ രാജപക്‌സെയ കുടുംബാംഗമാണ് ഗോതബയ. അദ്ദേഹത്തിന്റെ സഹോദരന്‍ മഹിന്ദ പ്രധാനമന്ത്രി പദത്തില്‍നിന്ന് രാജിവച്ചത് പ്രതിഷേധക്കാരെ സമാധാനിപ്പിക്കാനോ ദ്വീപ് രാഷ്ട്രത്തില്‍ ശാന്തത കൊണ്ടുവരാനോ സഹായകരമായിട്ടില്ല.

Other News