സമാധാന ചര്‍ച്ച പ്രഖ്യാപിച്ച റഷ്യ മണിക്കൂറുകള്‍ക്കകം കീവിനെ ആക്രമിച്ചു

സമാധാന ചര്‍ച്ച പ്രഖ്യാപിച്ച റഷ്യ മണിക്കൂറുകള്‍ക്കകം കീവിനെ ആക്രമിച്ചു


കീവ്; തുര്‍ക്കിയില്‍ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം റഷ്യ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തി. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഗര്‍ഭിണിയായ വനിതയും ഗുരുതരാവസ്ഥയിലുള്ള ഒരാളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് റഷ്യന്‍ ഡ്രോണുകളും മിസൈലുകളും കീവ് നഗരം ലക്ഷ്യമാക്കിയത്. താമസസ്ഥലങ്ങള്‍, യൂട്ടിലിറ്റികള്‍, പൊതുസൗകര്യങ്ങള്‍ എന്നിവയ്ക്കു നേരെ ശക്തമായ ആക്രമണം നടത്തി. താപവിതരണത്തിലും വൈദ്യുതി വിതരണത്തിലും തടസ്സങ്ങളുണ്ടാവുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തലസ്ഥാനത്തെ പല പ്രദേശങ്ങളിലും പൊട്ടിത്തെറിയും അപായ സൈറണുകളും മുഴങ്ങി. യുക്രെയ്ന്‍ വ്യോമസേനയുടെ വിവരമനുസരിച്ച് രാത്രി മുഴുവന്‍ പ്രതിരോധ സംവിധാനം സജീവമായിരുന്നു. നിരവധി പ്രദേശങ്ങളില്‍ തീപിടിത്തമുണ്ടാവുകയും വീടുകള്‍ തകരുകയും ചെയ്തു. കീവിനെ ലക്ഷ്യമാക്കിയ ഏറ്റവും ശക്തമായ ആക്രമണങ്ങളില്‍ ഒന്നാണിത്. ബുധനാഴ്ചയാണ് യുക്രെയ്‌നുമായി ഇസ്താംബൂള്‍ മാതൃകയില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് റഷ്യ പ്രഖ്യാപിച്ചത്. തീരുമാനം യുക്രെയ്‌നിന്റെ കൈകളിലാണെന്നും തുര്‍ക്കിയിലെ റഷ്യന്‍ പ്രതിനിധി പറഞ്ഞു. ഇക്കാര്യത്തില്‍ യുക്രെയ്ന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 11 വരെ ഏകദേശം 165 ചതുരശ്ര മൈല്‍ യുക്രെയ്‌നിയന്‍ പ്രദേശം റഷ്യന്‍ സേന പിടിച്ചെടുത്തതായി കണക്കാക്കപ്പെടുന്നു. സൈനികര്‍ കുറവായ സാഹചര്യത്തിലും കിഴക്കന്‍- തെക്കന്‍ മുന്നേറ്റങ്ങളില്‍ റഷ്യ നടത്തിയ നിരവധി ആക്രമണങ്ങള്‍ യുക്രെയ്ന്‍ വിജയകരമായി തടഞ്ഞിരുന്നു. എന്നാല്‍ യുക്രെയ്‌നിന് വസ്തുസ്രോതസ്സുകളുടെ ക്ഷാമം നേരിടേണ്ടി വരികയാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ തടയല്‍ ശേഷിയും കുറഞ്ഞിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധഭൂമിയില്‍ പ്രതിരോധം തുടരുന്നതിനൊപ്പം ചര്‍ച്ചയ്ക്കുള്ള സന്നദ്ധതയും പ്രകടിപ്പിച്ചുവരുന്ന റഷ്യ 'മറ്റൊരു മാര്‍ഗമില്ല' എന്ന സന്ദേശമാണ് നല്‍കുന്നത്. സമ്മര്‍ദ്ദം ചെലുത്തി യുക്രെയ്‌നിനെ ചര്‍ച്ചയിലെത്തിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.