കൈവ്: ഞായറാഴ്ച പുലർച്ചെ കൈവ് നഗരത്തിന് നേരെ റഷ്യ വൻ മിസൈൽഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. വീടുകൾക്കും സ്‌കൂളുകൾക്കും വ്യാപക നാശനഷ്ടമുണ്ടായി.
രാത്രി ഒരു മണിയോടെ നഗരമൊട്ടാകെ ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ മുഴങ്ങിയതായി റിപ്പോർട്ടുണ്ട്. അതിന് മുൻപ് റഷ്യ 'ഒറെഷ്‌നിക്' ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗിക്കാമെന്ന് യുക്രെയ്ൻ വ്യോമസേന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആക്രമണത്തിൽ ഒറെഷ്‌നിക് മിസൈൽ ഉപയോഗിച്ചോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
കൈവിന്റെ ഷെവ്‌ചെൻകോ ജില്ലയിൽ ഒൻപത് നിലകളുള്ള താമസകെട്ടിടത്തിൽ മിസൈൽ പതിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചതായി മേയർ വിറ്റാലി ക്ലിറ്റ്‌സ്ച്‌കൊ അറിയിച്ചു. കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി.
അതേ മേഖലയിലെ ഒരു സ്‌കൂളിലെ എയർ റെയ്ഡ് ഷെൽട്ടറിന്റെ പ്രവേശന കവാടം ആക്രമണത്തിൽ തകർന്നതോടെ നിരവധി പേർ അകത്ത് കുടുങ്ങിയതായും അധികൃതർ പറഞ്ഞു. ഒരു ബിസിനസ് സെന്ററിലെ സുരക്ഷാ ഷെൽട്ടറിലും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.
നഗര സൈനിക ഭരണകൂടത്തിന്റെ കണക്കുപ്രകാരം ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. കീവ് മേഖലയിലെ മറ്റ് ഭാഗങ്ങളിൽ കൂടി മൂന്ന് പേർക്ക് പരിക്കേറ്റതായി ഗവർണർ മൈകോല കലാഷ്‌നിക് അറിയിച്ചു.
റഷ്യ ഒറെഷ്‌നിക് ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നതായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നൽകിയ രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്ധരിച്ച് ആക്രമണത്തിന് മണിക്കൂറുകൾ മുമ്പ് വൊളോഡിമിർ സെലൻസ്‌കി മുന്നറിയിപ്പ് നൽകിയിരുന്നു.
ശബ്ദവേഗത്തിന്റെ പത്തിരട്ടിയിലേറെ വേഗതയിൽ സഞ്ചരിക്കുന്നതിനാൽ തടയാനാവില്ലെന്ന് വ്‌ളാഡിമിർ പുട്ടിൻ അവകാശപ്പെടുന്ന മിസൈൽ സംവിധാനമാണ് ഒറെഷ്‌നിക്. ഇതിനുമുമ്പ് രണ്ടുതവണ റഷ്യ ഈ മിസൈൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
റഷ്യ അധീനതയിലുള്ള ലുഹാൻസ്‌ക് മേഖലയിലെ വിദ്യാർത്ഥി ഹോസ്റ്റലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയൊരുക്കാൻ സൈന്യത്തോട് നിർദേശം നൽകിയതിനു പിന്നാലെയാണ് കൈവിനെതിരായ ഈ ആക്രമണം. എന്നാൽ ഹോസ്റ്റൽ ആക്രമിച്ചതെന്ന ആരോപണം യുക്രെയ്ൻ നിഷേധിക്കുകയും റഷ്യൻ ഡ്രോൺ കമാൻഡ് യൂണിറ്റിനെയാണ് ആക്രമിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൈവിന് നേരെ റഷ്യയുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
