കിം ജോങ് ഉന്നുമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ട്രമ്പിന്റെ ഉറച്ച പിന്തുണ ലഭിച്ചെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ


MAY 27, 2019, 4:11 PM IST


ടോക്യോ: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ഉറച്ച പിന്തുണ ലഭിച്ചെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ.


ഉത്തരകൊറിയയുമായുള്ള നയതന്ത്ര സംഭാഷണത്തിന്റെ പ്രാധാന്യം ട്രമ്പിനെ ബോധ്യപ്പെടുത്തുന്നതില്‍ വിജയം കണ്ടുവെന്നും ഷിന്‍സോ ആബെ ചൂണ്ടിക്കാട്ടി. മുന്‍ ഉടമ്പടികളോ വ്യവസ്ഥകളോ ഇല്ലാതെ തന്നെ ഇനി ചെയര്‍മാന്‍ കിം ജോങ് ഉന്നിനെ നേര്‍ക്കുനേര്‍ കാണാമെന്ന് എനിക്ക് ഉറപ്പുണ്ട്.


ആബെ പറഞ്ഞു.  ട്രമ്പ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പായിട്ടുണ്ട്. പ്യോംഗ്യാങ്ങിലേക്ക് പിടിച്ചുകൊണ്ടുപോയതായി കരുതപ്പെടുന്ന ജപ്പാന്‍കാരുടെ വൈകാരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കിമ്മിനെ നേരിട്ട് കാണുന്നതുതന്നെയാണ് നല്ലതെന്നും ഷിന്‍സോ ആബെ പറഞ്ഞു.


നാലു ദിന സന്ദര്‍ശനത്തിന് യുഎസ് പ്രസിഡന്റ് ട്രമ്പ് ജപ്പാനില്‍ എത്തിയ പശ്ചാത്തലത്തിലാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. അതേസമയം ആബെയുമായുള്ള കൂടിക്കാഴ്ചയോട്   കിംജോങ് ഉന്നിന് തണുപ്പന്‍ പ്രതികരണമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News