പാക്ക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാസേനയുടെ വെടിവയ്പ്; 30ലേറെ പേര്‍ കൊല്ലപ്പെട്ടു

പാക്ക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാസേനയുടെ വെടിവയ്പ്; 30ലേറെ പേര്‍ കൊല്ലപ്പെട്ടു


ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ 30ലേറെ പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേഖലയിലെ സാമ്പത്തിക- രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെ എ എ സി) എന്ന സിവില്‍ സമൂഹ കൂട്ടായ്മയെ അധികൃതര്‍ നിരോധിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്.

പൊതുസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ആഴ്ച ജെ എ എ സിയെ അധികൃതര്‍ നിരോധിച്ചത്. വെള്ളിയാഴ്ച രാത്രി നിയമപാലകരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു വ്യാപാരിക്ക് വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാവുകയും ഞായറാഴ്ച വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

മരിച്ച വ്യാപാരിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ ജെ എ എ സി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നുവെന്ന് മുതിര്‍ന്ന സിവില്‍ ഉദ്യോഗസ്ഥനായ കമ്മിഷണര്‍ സര്‍ദാര്‍ വഹീദ് ഖാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന ശ്രമിച്ചപ്പോള്‍ ജെ എ എ സി പ്രവര്‍ത്തകര്‍ ഓട്ടോമാറ്റിക് റൈഫിളുകള്‍, പെട്രോള്‍ ബോംബുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

നിയമപാലകരുടെ പ്രതിരോധ നടപടിയില്‍ ആറു പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ഖാന്‍ പറഞ്ഞു. നിരവധി പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം സ്ഥിരീകരിച്ചു.

എന്നാല്‍, ഔദ്യോഗിക വിശദീകരണത്തെ പ്രാദേശിക ജനങ്ങളും ജെ എ എ സി അനുഭാവികളും തള്ളിക്കളഞ്ഞു. മരണസംഖ്യയും സാധാരണക്കാരുടെ നാശനഷ്ടവും അധികൃതര്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ വളരെ കൂടുതലാണെന്നാണ് ഇവരുടെ ആരോപണം.

ജൂലൈ 27ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 45 സീറ്റുകളില്‍ 12 എണ്ണം അഭയാര്‍ഥികള്‍ക്കായി സംവരണം ചെയ്തതിനെതിരെ ജെ എ എ സി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിക്ക് ഒരു ദിവസം മുമ്പാണ് സംഘര്‍ഷം ഉണ്ടായത്. ഇതിന് പുറമേ, മുമ്പുണ്ടായ അക്രമസംഭവങ്ങള്‍, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍, സംഘടനയുടെ നിരോധനം, വൈദ്യുതി ക്ഷാമം, വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രകൃതിവിഭവങ്ങളുടെ ചൂഷണമെന്ന ആരോപണം, രാഷ്ട്രീയ അവഗണന തുടങ്ങിയ വിഷയങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

തങ്ങളെ 'തീവ്രവാദ സംഘടന'യായി മുദ്രകുത്തിയത് അടിച്ചമര്‍ത്തല്‍ നടപടിയാണെന്ന് ജെ എ എ സി അംഗങ്ങള്‍ പ്രതികരിച്ചു. സാമ്പത്തികവും രാഷ്ട്രീയവുമായ ന്യായമായ അവകാശങ്ങള്‍ക്കായാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. അതേസമയം, സമീപ വര്‍ഷങ്ങളില്‍ സംഘടനയുടെ നേതൃത്വത്തില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ച നടപടിയില്‍ പാകിസ്താന്‍ മനുഷ്യാവകാശ കമ്മിഷനും (എച്ച് ആര്‍ സി പി) ഗുരുതര ആശങ്ക രേഖപ്പെടുത്തി.

സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ മാനിക്കണമെന്നും യഥാര്‍ഥവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ഫെഡറല്‍ സര്‍ക്കാരിനോടും പ്രാദേശിക ഭരണകൂടത്തോടും എച്ച് ആര്‍ സി പി ആവശ്യപ്പെട്ടു. സംഭവങ്ങളുടെ യാഥാര്‍ഥ്യം വിലയിരുത്തുന്നതിനായി ഉടന്‍ വസ്തുതാന്വേഷണ സംഘത്തെ പ്രദേശത്തേക്ക് അയയ്ക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.