ബലൂച് ലിബറേഷന്‍ ആര്‍മി വനിതാ ചാവേര്‍ പൊട്ടിത്തെറിച്ച് ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ബലൂച് ലിബറേഷന്‍ ആര്‍മി വനിതാ ചാവേര്‍ പൊട്ടിത്തെറിച്ച് ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു


കറാച്ചി: ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ ആറ് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോട്ടുകള്‍. വനിതാ ചാവേറിനെ ഉപയോഗിച്ചാണ് ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണം നടത്തിയത്. ആദ്യമായാണ് ബിഎല്‍എഫ് ആക്രമണത്തിനായി വനിതാ ചാവേറിനെ ഉപയോഗിക്കുന്നത്.

ബലൂചിസ്ഥാനിലെ ചാഗായിയില്‍ സ്ഥിതി ചെയ്യുന്ന കനത്ത സുരക്ഷയുള്ള ഫ്രോണ്ടിയര്‍ കോര്‍പ്സിന്റെ  സമുച്ചയത്തിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. ബാരിയറില്‍ സ്വയം പൊട്ടിത്തെറിച്ച സറീന റഫീഖ് അഥവാ ട്രാങ് മഹൂവിന്റെ ഫോട്ടോയും ബി എല്‍ എഫ് പുറത്തുവിട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല.

വിമത പോരാളികള്‍ക്ക് പ്രധാന കോമ്പൗണ്ടിലേക്ക് കടക്കാന്‍ വഴിയൊരുക്കുന്നതിന് ബാരിക്കേഡ് വച്ച് സറീന സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ബി എല്‍ എഫിന്റെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായവരുടെ കൂട്ടമായ 'സാദോ ഓപ്പറേഷന്‍ ബറ്റാലിയനാ'ണ് (എസ്ഒബി) ഈ ഓപ്പറേഷന്‍ നടത്തിയതെന്ന് വക്താവ് ഗ്വാഹ്റാം ബലൂച് ടെലിഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.