ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ പോരാടുമെന്ന് അനുയായികള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ പോരാടുമെന്ന് അനുയായികള്‍


ലണ്ടന്‍: ലേബര്‍ എംപിമാര്‍ക്കിടയില്‍ പാര്‍ട്ടി നേതാവിനെ മാറ്റാനുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അതിനെതിരെ കടുത്ത പോരാട്ടം നടത്തുമെന്ന സൂചനയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ നല്‍കുന്നത്.

ബജറ്റ് പ്രസംഗം നടക്കാനിരിക്കുന്ന അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ സ്ഥാനഭ്രംശ ഭീഷണി നേരിടേണ്ടി വരാമെന്ന ഭയം സ്റ്റാര്‍മറുടെ അനുയായികള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. ഡൗണിംഗ് സ്ട്രീറ്റ് 'ബങ്കര്‍ മോഡിലായിരിക്കുകയാണ് ' എന്നും 'അത് സര്‍ക്കാരിനെ രക്ഷിക്കില്ല' എന്നും വിമര്‍ശകര്‍ പറയുന്നു.

ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിംഗ്, ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ്, ഊര്‍ജ മന്ത്രി എഡ് മിലിബാന്‍ഡ്, മുന്‍ ഗതാഗത മന്ത്രി ലൂയിസ് ഹെയ്ഗ് എന്നിവരുടെ പേരുകളാണ് സ്റ്റാര്‍മറുടെ സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളവരായി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നത് 

'അദ്ദേഹം ഇതിനെതിരെ പോരാടുമെന്ന് ഒരു മന്ത്രി പറഞ്ഞു. 'ഇത് ഹാര്‍റ്റ്‌ല്പൂള്‍ (കടുത്ത വിശ്വാസ നഷ്ടം) നിമിഷമല്ല.ലേബറിന് വേണ്ടി പൊതു തിരഞ്ഞെടുപ്പ് ജയിച്ച ജീവനുള്ള രണ്ട് പേരില്‍ ഒരാളാണ് സ്റ്റാര്‍മര്‍. 17 മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നത് ഭ്രാന്തന്‍ ആശയമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അടുത്ത മേയ് മാസത്തില്‍ സ്‌കോട്ട്‌ലാന്‍ഡിലും വെയില്‍സിലും ഉള്‍പ്പെടെ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിലാണ് ലേബറിന് കടുത്ത തിരിച്ചടി നേരിടാനിടയെന്ന് വിലയിരുത്തപ്പെടുന്നത്. എങ്കിലും നേതൃമാറ്റം അതുവരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ചിലര്‍.

'പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ക്കായി കാത്തിരിക്കണം എന്നു പറയാന്‍ എളുപ്പമാണ്. പക്ഷേ അത് പ്രവര്‍ത്തകരെ നേരിട്ട് തോക്കിന് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്നതുപോലെയാണ്,' ഒരു മുതിര്‍ന്ന എംപി പറഞ്ഞു.

 'ബജറ്റിന് ശേഷമുള്ള നീക്കങ്ങള്‍ക്ക് കാരണം ദിവസേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വെസ് (ആരോഗ്യമന്ത്രി) ധൈര്യമായി മുന്നോട്ട് വന്നാല്‍ ക്രിസ്മസിന് മുമ്പ് തന്നെ പ്രധാനമന്ത്രിയാകാനും സാധ്യതയുണ്ട്.-മറ്റൊരു സ്രോതസ്സ് പറഞ്ഞു.

വെസ് സ്ട്രീറ്റിംഗിന്റെ ആഗ്രഹങ്ങളെ സ്റ്റാര്‍മറുടെ വിശ്വസ്തര്‍ സംശയത്തോടെയാണ് കാണുന്നത്. എന്നാല്‍ 'ഇത്തരം ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതം' ആണെന്ന് സ്ട്രീറ്റിംഗിന്റെ വക്താവ്  വ്യക്തമാക്കി. 'വെയ്റ്റിംഗ് ലിസ്റ്റുകള്‍ കുറയ്ക്കാനും 2,500 പുതിയ ജി.പി.മാരെ നിയമിക്കാനും എന്‍.എച്ച്.എസ് പുനര്‍നിര്‍മിക്കാനും ആണ് വെസിന്റെ മുഴുവന്‍ ശ്രദ്ധയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡൗണിംഗ് സ്ട്രീറ്റ് 'തങ്ങളുടെ ഏറ്റവും വിശ്വസ്തരായ മന്ത്രിമാര്‍ക്ക് എതിരേ തന്നെ തിരിഞ്ഞിരിക്കുകയാണ് ' എന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു.

നേതൃത്വമാറ്റം പാര്‍ട്ടിയെ ടോറികളുടെ അവസാനകാല കലാപാവസ്ഥയിലേക്കാണ് തള്ളുകയെന്നും സ്വന്തം ജനവിധിയില്ലാത്ത നേതാവ് അധികാരത്തിലേറുമെന്നും സ്റ്റാര്‍മറിന്റെ അനുയായികള്‍ എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
അന്താരാഷ്ട്ര വിപണികള്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കാനും ട്രംപുമായുള്ള നല്ല ബന്ധം അപകടത്തിലാക്കാനും സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.
എങ്കിലും സര്‍ക്കാരിന്റെ നിലവിലെ നിലയെ 'നിരാശാജനകം' എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. 'അദ്ദേഹത്തെ ജനങ്ങള്‍ വെറുക്കുകയാണ്. കോര്‍ബിന്റെ കാലത്തേക്കാള്‍ മോശമാണെന്നും മേയ് വരെ ഇത് നിലനിര്‍ത്താനാവില്ലെന്നും ഒരു മന്ത്രി പറഞ്ഞു.

സര്‍വേകള്‍ പ്രകാരം കെയര്‍ സ്റ്റാര്‍മര്‍ ആധുനിക കാലത്തെ ഏറ്റവും ജനപ്രീതിയില്ലാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആണെന്നാണ് സൂചന. കഴിഞ്ഞ മാസങ്ങളില്‍ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ 20 ശതമാനത്തിന് താഴെയാണ്.

റീഫോം യുകെയുടെ ഉയര്‍ച്ച ഡൗണിംഗ് സ്ട്രീറ്റില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. നൈജല്‍ ഫറാജുമായുള്ള പോരാട്ടം തലമുറ നിര്‍ണായകമെന്ന് സ്റ്റാര്‍മര്‍ കരുതുമ്പോഴും, സഹപ്രവര്‍ത്തകര്‍ അത്ര വിശ്വാസത്തിലെടുത്തിട്ടില്ല.

'ഞങ്ങള്‍ ടോറികളെപ്പോലെ അല്ല . ഒരേ പാര്‍ലമെന്റില്‍ രണ്ടുതവണ നേതാവിനെ മാറ്റില്ല' - ഒരു പുതുമുഖ ലേബര്‍ എംപി പറഞ്ഞു.