വിവാഹാഭ്യാര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു


JUNE 27, 2022, 8:03 AM IST

കെയ്‌റോ: വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് ഈജിപ്തില്‍ പട്ടാപകല്‍ വിദ്യാര്‍ത്ഥിനിയെ സര്‍വകലാശാലയ്ക്കു മുന്നില്‍ കഴുത്തറുത്ത് കൊന്നു. നയ്‌റ അഷറഫ് എന്ന വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കെ സഹപാഠിയായ മുഹമ്മദ് ആദേലാണ് നയ്‌റ അഷറഫിനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. അടിച്ചു വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ജനക്കൂട്ടത്തിനു മുന്നില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു

സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ള യുവതിയാണ് നയ്‌റ അഷറഫ്. മുഹമ്മദ് ആദേല്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും നയ്‌റ നിരസിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പിന്തുടര്‍ന്നും ഇയാള്‍ ശല്യപ്പെടുത്തി. ഇതേത്തുടര്‍ന്ന് മുഹമ്മദിനെ അവള്‍ സമൂഹമാധ്യമങ്ങളില്‍ ബ്ലോക്ക് ചെയ്തു. കൂടാതെ ശല്യപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിയെ അക്രമത്തിന് പ്രേരിപ്പിച്ചത്

'മകള്‍ക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. എയര്‍ഹോസ്റ്റസ് ആകണമെന്നായിരുന്നു അവളുടെ ആഗ്രഹം. വിവാഹം കഴിക്കാന്‍ അവള്‍ക്ക് മോഹം ഉണ്ടായിരുന്നില്ല. പ്രണയിച്ചയാളെ വിവാഹം കഴിച്ചില്ലെങ്കില്‍ ഇല്ലാതാക്കുകയാണോ ചെയ്യേണ്ടത്. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ നിയമത്തില്‍ നിരവധി പഴുതുകളുള്ള നമ്മുടെ നാട്ടില്‍ ഒരു പോറല്‍ പോലുമില്ലാതെ പ്രതികള്‍ പുറത്തുവരും.' പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും നയ്‌റയുടെ പിതാവ് അഷറഫ് അബ്ദുല്‍ ഖാദര്‍ പറഞ്ഞു

തന്നെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് നയ്‌റ പറഞ്ഞതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മുഹമ്മദ് പോലീസിന് മൊഴി നല്‍കി. കേസില്‍ 20 ഓളം സാക്ഷികളുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

നയ്‌റയുടെ കൊലപാതകത്തിനു പിന്നാലെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. കൊല്ലപ്പെടാതിരിക്കാന്‍ സ്ത്രീകള്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കണമെന്ന ടെലിവിഷന്‍ അവതാരകന്‍ മബ്‌റൂഖ് അത്തേയയുടെ പരാമര്‍ശം ഇതിനിടെ വിവാദമായി. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പോലീസ് തയ്യാറായില്ല. സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

Other News