ട്രംപിന്റെ പിന്മാറ്റം; കൂടുതൽ യു എസ് സൈനികർ മരിക്കുമെന്ന് താലിബാൻ 


SEPTEMBER 11, 2019, 1:48 AM IST

കാബൂൾ:അഫ്‌ഗാൻ സമാധാനചർച്ചകളിൽനിന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏകപക്ഷീയമായ പിന്മാറ്റം കൂടുതൽ അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തുമെന്ന് താലിബാൻ ഭീഷണി.അഫ്‌ഗാനിസ്ഥാനിലെ സൈനിക നടപടി ശക്തമാക്കുമെന്ന്  യു എസും വ്യക്തമാക്കി. 

അതേസമയം, താലിബാൻ ശരിയായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചാൽ ചർച്ചകളിലേക്കു മടങ്ങാൻ തയാറാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ സൂചന നൽകി. ‘താലിബാൻ പെരുമാറ്റത്തിൽ മാറ്റം വരുത്തുമെന്നും സമാധാന ചർച്ചയുടെ അന്തസ്സത്തയോട് അവർ ശരിയായ പ്രതിബദ്ധത പുലർത്തുമെന്നും യു എസ് പ്രതീക്ഷിക്കുന്നു’– പോംപെയോ പറഞ്ഞു. 

20 വർഷം പിന്നിടുന്ന ആഭ്യന്തര യുദ്ധത്തിനു അറുതി വരുത്താനായി ഖത്തറിൽ നടന്ന ചർച്ചകളുടെ ഫലമായി യു എസും താലിബാനും തമ്മിൽ സമാധാനക്കരാറിന്റെ കരടുരേഖയ്ക്കു രൂപം നൽകിയിരുന്നു. ഇതിനു തുടർച്ചയായി മേരിലാൻഡിലെ ക്യാംപ് ഡേവിഡിൽ താലിബാൻ നേതാക്കളുമായുള്ള രഹസ്യചർച്ചയാണു ട്രംപ് റദ്ദാക്കിയത്. 

യു എസ് സൈനികൻ അടക്കം 11 പേർ കൊല്ലപ്പെട്ട കഴിഞ്ഞയാഴ്ചത്തെ കാബൂൾ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തതാണു കാരണം. യുഎസ് പിന്മാറ്റത്തെ വിമർശിച്ച താലിബാൻ വക്താവ്, അമേരിക്കൻ സൈന്യവും ഈ സമയങ്ങളിൽ അഫ്‌ഗാനിൽ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി.

Other News