ദക്ഷിണാഫ്രിക്കയില്‍ ഹോസ്റ്റലില്‍ വെടിവയ്പ്; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയില്‍ ഹോസ്റ്റലില്‍ വെടിവയ്പ്; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു


ജൊഹന്നാസ്ബര്‍ഗ്:  ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനത്തിന് സമീപം സോള്‍സ്‌വില്‍ ടൗണ്‍ഷിപ്പിലെ ഒരു ഹോസ്റ്റലില്‍ പുലര്‍ച്ചെ നടത്തിയ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് തോക്കുധാരികള്‍ കെട്ടിടത്തിനുള്ളില്‍ കയറി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു. 25 പേര്‍ക്ക് വെടിയേറ്റതായി പൊലീസ് സ്ഥിരീകരിച്ചു; 14 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.

മരിച്ചവരില്‍ മൂന്ന് വയസ്സുകാരനും 12 വയസ്സുകാരനും 16 വയസ്സുകാരി പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. സംഭവമുണ്ടായത് പുലര്‍ച്ചെ 4.15ഓടെയായിരുന്നെങ്കിലും പൊലീസിനെ അറിയിച്ചത് 6 മണിയോടെയാണെന്നാണ് വക്താവ് അത്‌ലെന്‍ഡ മാത്തെ പറഞ്ഞു. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. ഹോസ്റ്റലിനുള്ളിലെ അനധികൃത മദ്യശാലയുമായി (ഷിബീന്‍) ബന്ധപ്പെട്ട പകപോക്കലാണോ, ഇല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലുമാണോ എന്ന് പരിശോധിക്കുകയാണ്.

ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കൂട്ടക്കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ ആക്രമണം. രാജ്യത്തെ കൊലപാതക നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്നതില്‍ ഒന്നാണ്. അനധികൃത മദ്യശാലകളാണ് (ഷിബീനുകള്‍) കുറ്റകൃത്യങ്ങള്‍ക്ക് വഴി വയ്ക്കുന്നതെന്ന് പൊലീസ് തുറന്നുപറയുന്നു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 11,000ത്തിലധികം അനധികൃത ടവേണുകളും അടച്ചുപൂട്ടി, 18,000ത്തിലധികം പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും മാത്തെ വ്യക്തമാക്കി.

ഫോറന്‍സിക്, ബാലിസ്റ്റിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി വരുന്നു. മൂന്ന് പ്രതികളെയാണ് ഇപ്പോള്‍ പൊലീസ് തേടുന്നത്. നിയമപരമായ തോക്കുടമസ്ഥത കര്‍ശനമായ രാജ്യമാണെങ്കിലും അനധികൃത ആയുധങ്ങള്‍ ഉപയോഗിച്ചുള്ള കൊലപാതകങ്ങളാണ് കൂടുതലെന്നും അധികൃതര്‍ പറയുന്നു.