ഹാനോയ്: വിയറ്റ്‌നാമില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ മരിച്ചു. എട്ടുപേരെ കാണാതായി. വിയറ്റ്‌നാമിന്റെ വടക്കന്‍ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടമുണ്ടായത്. ഹനോയിയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ കുടുംബങ്ങളായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ട്.
പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശക്തമായ കൊടുങ്കാറ്റില്‍ ബോട്ട് മറിഞ്ഞത്. വിയറ്റ്‌നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹാ ലോങ് ബേയിലേക്ക് 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി യാത്ര തിരിച്ച വണ്ടര്‍ സീ ബോട്ടാണ് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട 11 പേരെ രക്ഷപ്പെടുത്താനും 27 മൃതദേഹങ്ങള്‍ കണ്ടെടുക്കാനും സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അപകടത്തില്‍ വിയറ്റ്‌നാമീസ് പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ദുഃഖം രേഖപ്പെടുത്തി. 'വിഫ' എന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് വടക്കന്‍ വിയറ്റ്‌നാമിലേക്ക് നീങ്ങുന്നുണ്ടെന്നും അടുത്ത ആഴ്ച ആദ്യം തീരപ്രദേശങ്ങളില്‍ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിയറ്റ്‌നാമില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ മരിച്ചു
