വാഷിംഗ്ടൺ/ടെഹ്രാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ പുതിയ ധാരണയ്ക്ക് സാധ്യത തെളിയുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയതായും ഇറാൻ ഒരു കരാറിലേക്ക് 'വളരെ അടുത്തെത്തിയിരിക്കുകയാണെന്നും' ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചർച്ചകളിൽ പുരോഗതി ഉണ്ടായതായി ഇറാനും പ്രതികരിച്ചു. എന്നാൽ നിർണായക വിഷയങ്ങളിൽ ഇനിയും അന്തിമ ധാരണയായിട്ടില്ലെന്ന നിർണായക വിവരവും ടെഹ്രാൻ പങ്കുവച്ചു.
ഇറാനുമായി ബന്ധപ്പെട്ട കരാർ കരട് താൻ കണ്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ അത് മതിയായതാണോയെന്ന ചോദ്യത്തിന് 'ഇപ്പോൾ അതിനെക്കുറിച്ച് ഉറപ്പായി പറയാനാകില്ല' എന്നായിരുന്നു മറുപടി. 'അമേരിക്ക ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുന്ന കരാറിൽ മാത്രമേ ഞാൻ ഒപ്പുവയ്ക്കൂ. ഇറാൻ ആണവായുധം നേടുന്നത് ഒരു സാഹചര്യത്തിലും അനുവദിക്കില്ല,' എന്നും ട്രംപ് വ്യക്തമാക്കി.
കരാർ സാധ്യമായില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. 'കരാർ ഉണ്ടാകും, അല്ലെങ്കിൽ ഒരു രാജ്യവും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി ഇറാൻ നേരിടേണ്ടിവരും,' എന്നാണ് ട്രംപിന്റെ പരാമർശം.
ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിലായി അമേരിക്കയും ഇറാനും തമ്മിലുള്ള നിലപാടുകൾ കൂടുതൽ അടുത്തുവരുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അസ്മായിൽ ബഖായി വ്യക്തമാക്കി. എന്നാൽ അതുകൊണ്ട് തന്നെ എല്ലാ പ്രധാന വിഷയങ്ങളിലും ധാരണയായെന്നർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇപ്പോഴും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഉണ്ടാകുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
14 പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി ധാരണാപത്രത്തിന്റെ കരട് തയ്യാറാക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ അടുത്ത 30 മുതൽ 60 ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും ഇറാൻ അറിയിച്ചു. ഒടുവിൽ സമഗ്ര കരാറിലെത്താനാകുമെന്ന പ്രതീക്ഷയും ടെഹ്രാൻ പങ്കുവച്ചു.
അതേസമയം, ഇറാനുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ട്രംപ് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, തുർക്കി, ജോർദ്ദാൻ, പാക്കിസ്താൻ
നേതാക്കളുമായി ഫോണിൽ ആശയവിനിമയം നടത്തി.
എന്നാൽ ചർച്ചകൾക്കിടയിലും ട്രംപ് കടുത്ത മുന്നറിയിപ്പുകൾ ആവർത്തിച്ചു. അമേരിക്കൻ മാധ്യമമായ ആക്‌സിയോസിനു നൽകിയ അഭിമുഖത്തിൽ 'നല്ലൊരു കരാർ ഉണ്ടാകാൻ 50-50 സാധ്യതയുണ്ട്; ഇല്ലെങ്കിൽ ഇറാനെ പൂർണമായി തകർക്കുന്ന സാഹചര്യമുണ്ടാകും' എന്നാണ് അദ്ദേഹം പറഞ്ഞത്.
വൈറ്റ്ഹൗസ് ചർച്ചാ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരേദ് കുഷ്‌നർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തുടർനടപടികൾ തീരുമാനിക്കുമെന്നും ട്രംപ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് പുതുജീവൻ ലഭിച്ച സാഹചര്യത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ യുദ്ധഭീഷണി ഒഴിവാക്കുന്ന ധാരണയിലെത്താനാകുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഇരുരാജ്യങ്ങളും പങ്കുവയ്ക്കുന്നത്.
അമേരിക്ക-ഇറാൻ ധാരണയ്ക്കു പ്രതീക്ഷ; 'കരാർ അടുത്തെത്തിയെന്ന് ട്രംപ്, പ്രതീക്ഷ പങ്കുവച്ച് ടെഹ്രാനും
