വാഷിംഗ്ടണ്‍ : നൈജീരിയയില്‍ ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്നത് തുടര്‍ന്നാല്‍ അമേരിക്കന്‍ സഹായം ഉടന്‍ നിര്‍ത്തുമെന്നും, ആവശ്യമായാല്‍ സൈനികമായി ഇടപെടുമെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
'ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്നത് നൈജീരിയന്‍ സര്‍ക്കാര്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, അമേരിക്ക ഉടന്‍ എല്ലാ സഹായവും നിര്‍ത്തും. ആവശ്യമെങ്കില്‍ ആ രാജ്യത്തേക്ക് കയറി ഭീകരരെ പൂര്‍ണ്ണമായി നശിപ്പിക്കും,' തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് പറഞ്ഞു. 'യുദ്ധ വകുപ്പിന് (Department of War) സാദ്ധ്യമായ നടപടി തയ്യാറാക്കാന്‍ ഞാന്‍ നിര്‍ദേശിച്ചു. നൈജീരിയന്‍ സര്‍ക്കാര്‍ വേഗത്തില്‍ നീങ്ങണം,' എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നൈജീരിയയെ ട്രംപ് 'പ്രത്യേക ആശങ്കയുള്ള രാജ്യം' (Coutnry of Particular Concern) ആയി പ്രഖ്യാപിക്കുകയും, മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നുവെന്ന യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ നിയമപരമായ പരാമര്‍ശം ചൂണ്ടിക്കാട്ടുകയും ചെയ്തു. 'നൈജീരിയയിലെ ക്രിസ്ത്യാനിത്വം നിലനില്‍പ്പിന് നേരിട്ടുള്ള ഭീഷണി നേരിടുകയാണെന്ന് ട്രംപ് പറഞ്ഞു.
ഇതിനെ തുടര്‍ന്ന് പ്രതികരണവുമായി നൈജീരിയന്‍ പ്രസിഡന്റ് ബോള അഹ്മദ് ടിനുബു രംഗത്തെത്തി. 'നൈജീരിയയെ മത അസഹിഷ്ണുതയുള്ള രാജ്യമെന്ന രീതിയില്‍ അവതരിപ്പിക്കുന്നത് യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ്. മതസ്വാതന്ത്ര്യ സംരക്ഷണത്തിന് സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്ന് ടിനുബു വ്യക്തമാക്കി. ക്രിസ്ത്യന്‍, മുസ്ലിം മതനേതാക്കളുമായി ചര്‍ച്ചകള്‍ തുടരുന്നതായും, എല്ലാ മതവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
230 മില്യണ്‍ ജനസംഖ്യയുള്ള നൈജീരിയയില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഏകദേശമായി തുല്യനിരക്കിലാണ്. എന്നാല്‍, ഭീകരസംഘടനയായ ബോക്കോ ഹറാമിന്റെ ആക്രമണങ്ങള്‍ രാജ്യത്തെ അസ്ഥിരമാക്കുകയാണ്. നൈജീരിയയിലെ ആക്രമണങ്ങളെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ വര്‍ഷം 'മാനവിക പ്രതിസന്ധി' എന്ന് വിശേഷിപ്പിച്ചിരുന്നു.
ക്രിസ്ത്യാനികളെ കൊല്ലുന്ന നൈജീരിയയ്ക്കുള്ള യുഎസ് സഹായം നിര്‍ത്തും, സൈനിക നടപടിയും പരിഗണനയിലെന്ന് ട്രംപ്
