കൈവ്: അടുത്ത ആഴ്ച പുതിയ റൗണ്ട് സമാധാന ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ശനിയാഴ്ച മോസ്‌കോയോട് പറഞ്ഞു. ജൂണ്‍ തുടക്കത്തില്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ സ്തംഭിച്ചതിനെത്തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാമെന്ന് നിര്‍ദ്ദേശം യുക്രെയ്ന്‍ മുന്നോട്ടുവെച്ചത്.
മോസ്‌കോയും കൈവും തമ്മില്‍ ഇസ്താംബൂളില്‍ നടന്ന രണ്ട് റൗണ്ട് ചര്‍ച്ചകള്‍ വെടിനിര്‍ത്തലിലേക്ക് എത്തുന്നവിധത്തില്‍ പുരോഗമിച്ചിരുന്നില്ല. പകരം വലിയ തോതിലുള്ള തടവുകാരുടെ കൈമാറ്റങ്ങളും കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനുള്ള കരാറുകളില്‍ എത്തിയിരുന്നു.
'അടുത്ത ആഴ്ച റഷ്യന്‍ പക്ഷവുമായുള്ള അടുത്ത കൂടിക്കാഴ്ചയ്ക്ക് സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി (റസ്റ്റം) ഉമെറോവിനോട് താന്‍ നിര്‍ദ്ദേശിച്ചതായി സെലെന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ചര്‍ച്ചകളുടെ ആക്കം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഒരു മുഖാമുഖ കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത സെലെന്‍സ്‌കി ആവര്‍ത്തിച്ചു. ശാശ്വത സമാധാനം യഥാര്‍ത്ഥത്തില്‍ ഉറപ്പാക്കാന്‍ നേതൃതലത്തില്‍ ഒരു യോഗം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ പ്രതിരോധ മന്ത്രിയായ ഉമെറോവിനെ കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷാ, പ്രതിരോധ കൗണ്‍സിലിന്റെ തലവനായി നിയമിക്കുകയും ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടുകയും ചെയ്യുക എന്ന ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
യുക്രെയ്‌നിന്റെ ഡൊണെറ്റ്‌സ്‌ക് മേഖലയിലെ കിഴക്കന്‍ മുന്നണിയില്‍ റഷ്യ ശക്തമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയൊരു റൗണ്ട് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ പരമാവധി യുദ്ധ ലക്ഷ്യങ്ങളില്‍ നിന്ന് അവര്‍ പിന്മാറിയിട്ടില്ല.
കഴിഞ്ഞ മാസത്തെ ചര്‍ച്ചകളില്‍, യുക്രെയ്ന്‍ കൂടുതല്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്നും എല്ലാത്തരം പാശ്ചാത്യ സൈനിക പിന്തുണയും നിരസിക്കണമെന്നും ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള കടുത്ത ആവശ്യങ്ങളുടെ ഒരു പട്ടിക റഷ്യ അവതരിപ്പിച്ചിരുന്നു.
അവ അസ്വീകാര്യമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ കൈവ് മോസ്‌കോ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ചര്‍ച്ചകളുടെ അര്‍ത്ഥമെന്താണെന്ന് ചോദ്യം ചെയ്യുകയും ചെയ്തു.
സമാധാന കരാര്‍ ഉണ്ടാക്കാന്‍ ഡോണള്‍ഡ് ട്രംപ് റഷ്യയ്ക്ക് 50 ദിവസത്തെ സമയം നല്‍കിയതിനെത്തുടര്‍ന്ന് യുക്രെയ്‌നുമായി ചര്‍ച്ച തുടരാന്‍ തയ്യാറാണെന്ന് ക്രെംലിന്‍ ഈ മാസം പറഞ്ഞിരുന്നു.
റഷ്യയുമായി പുതിയ റൗണ്ട് സമാധാന ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടത്താമെന്ന് യുക്രെയ്ന്‍
