യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്‍ ജനതയെ സഹായിക്കാന്‍ 2 കോടി ഡോളര്‍ പ്രഖ്യാപിച്ച് യു.എന്‍


SEPTEMBER 15, 2021, 8:07 AM IST

കാബൂള്‍ : ഭക്ഷ്യ ക്ഷാമത്തിലൂടെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കടന്നു പോകുന്ന അഫ്ഗാന്‍ ജനതയ്ക്ക് ആശ്വാസമായി യു.എന്‍. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിലെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി ഡോളര്‍ നല്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.

യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. രാജ്യത്തെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 60 കോടിയുടെ സഹായം നല്‍കണമെന്ന് യു.എന്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ രാജ്യത്ത് ലോകബാങ്ക്, ഐ.എം.എഫ് എന്നിവ മുഖേനയുള്ള സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ചിരുന്നു. ഇത് മൂലം പ്രതിസന്ധിയിലായ അഫ്ഗാന്‍ പൗരന്മാര്‍ നിത്യച്ചെലവിനായി വീട്ടുപകരണങ്ങള്‍ തെരുവുകളില്‍ വില്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

അതേസമയം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് താലിബാന്‍ നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബച്ച്ലെറ്റ് പറഞ്ഞു.

അഫ്ഗാനിലെ പുതിയ സര്‍ക്കാരില്‍ സ്ത്രീ പ്രാതിനിധ്യമില്ല. രാജ്യത്തെ പല പ്രവിശ്യകളിലും സ്ത്രീകളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ടെന്ന് ബച്ച്ലെറ്റ് കൂട്ടിച്ചേര്‍ത്തു.

Other News