അഫ്ഗാനിസ്ഥാനു വേണ്ടി സഹായം അഭ്യര്‍ഥിച്ച് ഐ്ക്യരാഷ്ട്രസഭ


JANUARY 11, 2022, 8:59 PM IST

ന്യൂയോര്‍ക്ക്: ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിസ്ഥാന് വേണ്ടി ഐക്യരാഷ്ട്ര സഭയുടെ സഹായാഭ്യര്‍ഥന. 2022ല്‍ അഫ്ഗാന് വേണ്ടി അഞ്ച് ബില്യണ്‍ ഡോളര്‍ സഹായമാണ് യു എന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നത്.

ഇതുവരെ ഏതെങ്കിലുമൊരു രാജ്യത്തിന് വേണ്ടി നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ഇടപെടലാണ് യു എന്‍ അഫ്ഗാന് വേണ്ടി നടത്തുന്നത്. ഒരു രാജ്യത്തിന് വേണ്ടി നടത്തുന്ന ഏറ്റവും വലിയ ഹ്യുമാനിറ്റേറിയന്‍ അപ്പീലുമാണിത്. 

നേരത്തെ 4.4 ബില്യണ്‍ ഡോളറാണ് അഫ്ഗാനിലേക്ക് വേണ്ടതെന്നാണ് യു എന്‍ പറഞ്ഞിരുന്നത്. എന്നാല്‍, അഫ്ഗാന്‍ അതിര്‍ത്തിക്ക് പുറത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് അഫ്ഗാന്‍ പൗരന്മാരുടെ പുനരധിവാസത്തിന് വേണ്ടി 623 മില്യണ്‍ കൂടെ ഇതിലേക്ക് ചേര്‍ക്കുകയായിരുന്നു. 

അഫ്ഗാനിസ്ഥാനിലെ ജനസംഖ്യ 3.89 കോടിയാണ്. ഇതില്‍ 2.2 കോടി ജനങ്ങളും കടുത്ത ഭക്ഷ്യക്ഷാമമാണ് അനുഭവിക്കുന്നത്. 2022 മാര്‍ച്ച് വരെ ഭക്ഷ്യ പ്രതിസന്ധി നീളുമെന്നാണ് കണക്കുകൂട്ടല്‍. അതിനാലാണ് വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സഹായം അഫ്ഗാന് അടിയന്തരമായി ലഭിക്കേണ്ടതിനായി യു എന്‍ ഇടപെടുന്നത്.

യു എന്നിന്റെ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് മേധാവിയായ മാര്‍ട്ടിന്‍ ഗ്രിഫിത് ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിക്ക് മുന്നില്‍ സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

ഭക്ഷ്യക്ഷാമത്തെ പ്രതിരോധിക്കാന്‍ കാബൂളില്‍ ചാരിറ്റി ബേക്കറികള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ബേക്കറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അരിയാന ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാന്‍ ചാരിറ്റി ഓര്‍ഗനൈസേഷനായ ഹസാര ഫൗണ്ടേഷന്‍ കാബൂളിലെ രണ്ട് ബേക്കറികള്‍ വഴി പ്രതിസന്ധി നേരിടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചതായാണ് റിപ്പോര്‍ട്ട്. 

കോവിഡ്, വരള്‍ച്ച, രാജ്യത്തുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവയാണ് നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായി പറയുന്നത്. താലിബാന്‍ സര്‍ക്കാരിന് രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ സാധിക്കാത്തതും പ്രധാന പ്രശ്നമാണ്. 

തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Other News