നെതന്യാഹുവിന്റെ സിറിയന്‍ ആക്രമണം ഭ്രാന്തന്‍ നടപടിയെന്ന് യു എസ് ഉദ്യോഗസ്ഥര്‍

നെതന്യാഹുവിന്റെ സിറിയന്‍ ആക്രമണം ഭ്രാന്തന്‍ നടപടിയെന്ന് യു എസ് ഉദ്യോഗസ്ഥര്‍


വാഷിംഗ്ടണ്‍: സിറിയയിലെ വ്യോമാക്രമണ പരമ്പരയ്ക്ക്് പിന്നാലെ ട്രംപ് ഭരണകൂടത്തിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ 'ഭ്രാന്തന്‍' എന്ന് വിശേഷിപ്പിച്ചത് വൈറ്റ് ഹൗസിനെ അത്ഭുതപ്പെടുത്തി. 'നെതന്യാഹു ഒരു ഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നതെന്നും എല്ലായ്പ്പോഴും എല്ലാത്തിലും ബോംബ് വയ്ക്കുന്നു' എന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ട്രംപ് ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും വിശദമാക്കി. 

ഗാസയിലെ ഒരു പള്ളിയില്‍ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തെ തുടര്‍ന്നുണ്ടായ നിരാശ പ്രസിഡന്റ് ട്രംപ് നെതന്യാഹുവിനെ നേരിട്ട് വിളിക്കാന്‍ പ്രേരിപ്പിച്ചതായി മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാ ദിവസവും പുതിയ എന്തെങ്കിലും സംഭവിക്കുന്നുണ്ടെന്ന തോന്നലാണെന്നും എന്താണ് സംഭവമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. നെതന്യാഹുവിന്റെ വിധിയില്‍ ഭരണകൂടത്തിനുള്ളില്‍ സംശയം വര്‍ധിച്ചുവരുന്നുണ്ടെന്ന് മൂന്നാമത്തെ യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. നെതന്യാഹുവിന്റെ പെരുമാറ്റം ചിലപ്പോള്‍ കുട്ടിയെ പോലെയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സിറിയയില്‍ യു എസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സുവൈദയിലേക്ക് പോകുന്ന സിറിയന്‍ സൈനിക ടാങ്കുകളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തി. ദുറൂസ് പോരാളികളും ബദുവിയന്‍ ഗോത്രക്കാരും തമ്മില്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. 700-ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സൈനിക വിമുക്ത മേഖലയിലേക്ക് വാഹനവ്യൂഹം പ്രവേശിച്ചതായും സിറിയ ദുരൂസ് ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചാണെന്നും ഇസ്രായേല്‍ പറഞ്ഞു. എന്നാല്‍ സിറിയ ഇത് നിഷേധിച്ചു.

ഇസ്രായേല്‍ പിന്മാറരുതെന്നും നയതന്ത്ര പരിഹാരം തേടണമെന്നും യു എസ് പ്രതിനിധി ടോം ബരാക് ഇസ്രായേലിനോട് ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചെങ്കിലും ഒരു ദിവസത്തിനുള്ളില്‍ ആക്രമണം വര്‍ധിപ്പിക്കുകയും സിറിയയുടെ സൈനിക ആസ്ഥാനത്തും പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്തുള്ള പ്രദേശങ്ങളിലും ആക്രമണം നടത്തി. സിറിയയിലെ ബോംബാക്രമണം പ്രസിഡന്റിനെയും വൈറ്റ് ഹൗസിനെയും അത്ഭുതപ്പെടുത്തിയെന്ന് ഒരു യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. താന്‍ സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്ത് ടെലിവിഷന്‍ ഓണാക്കി ബോംബുകള്‍ വീഴ്ത്തുന്നത് പ്രസിഡന്റിന് ഇഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോംബാക്രമണം നിര്‍ത്താന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയും സൗദി അറേബ്യയും വാഷിംഗ്ടണിനോട് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു, ബാരാക്കും വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ നെതന്യാഹുവിന്റെ നടപടികളെക്കുറിച്ച് ട്രംപിനോട് പരാതിപ്പെട്ടു. 

നെതന്യാഹുവിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സിറിയന്‍ ആക്രമണങ്ങള്‍ ഉണ്ടായത്. എന്നാല്‍ അതിനുശേഷം സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. വ്യോമാക്രമണങ്ങള്‍ക്ക് പുറമേ, ഗാസയില്‍ പള്ളി ഷെല്ലാക്രമണവും കഴിഞ്ഞയാഴ്ച ഇസ്രായേലി കുടിയേറ്റക്കാര്‍ പാലസ്തീന്‍ അമേരിക്കന്‍ സെയ്ഫ് മുസല്ലറ്റിനെ കൊലപ്പെടുത്തിയതും യു എസ് ഉദ്യോഗസ്ഥരെ രോഷാകുലരാക്കി.

നെതന്യാഹുവിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ അംബാസഡര്‍ മൈക്ക് ഹക്കബി ആക്രമണത്തെ വിമര്‍ശിക്കുകയും അതിനെ 'ഭീകരത' എന്ന് വിളിക്കുകയും ചെയ്തു. ഇസ്രായേല്‍ നയം ക്രിസ്ത്യന്‍ സമൂഹങ്ങളെയും അമേരിക്കന്‍ സുവിശേഷകര്‍ക്കുള്ള വിസ പ്രവേശനത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്കകള്‍ ഉന്നയിച്ചു.

ദുറൂസിനെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ നടപടി സ്വീകരിച്ചുവെന്ന് തറപ്പിച്ചുപറയുന്നു

സിറിയന്‍ സൈന്യം ദുറൂസിനെ ലക്ഷ്യം വച്ചിരുന്നുവെന്നും സ്വന്തം ദുറൂസ് പൗരന്മാരോടുള്ള ബാധ്യതയില്‍ നിന്നാണ് ഇസ്രായേല്‍ ഇടപെട്ടതെന്നും അവകാശപ്പെട്ടുകൊണ്ട് ഒരു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ യു എസ് വിമര്‍ശനത്തെ തള്ളിക്കളഞ്ഞു. 

സിറിയയിലെ ഇസ്രായേലി നയം മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് ഒരു മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. അത്തരമൊരു സാഹചര്യത്തില്‍ ദുറൂസ് സമൂഹവും ഇസ്രായേലും തോല്‍ക്കുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപ് നെതന്യാഹുവിനെ പരസ്യമായി വിമര്‍ശിച്ചിട്ടില്ലെങ്കിലും വൈറ്റ് ഹൗസ് കൂടുതല്‍ നിരാശരാണ്. ഇറാനെതിരായ ആക്രമണങ്ങളിലൂടെയും പിന്നീട് ഗാസ യുദ്ധം നീട്ടിയും ഇപ്പോള്‍ സിറിയയിലും നെതന്യാഹു ട്രംപിന്റെ പിന്തുണയില്‍ പലതവണ ചൂതാട്ടം നടത്തിയിട്ടുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.