കരീബിയന്‍ കടലില്‍ അമേരിക്കന്‍ വ്യോമാക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; 'അന്തര്‍ദേശീയ നിയമം ലംഘനമെന്ന്' വിമര്‍ശനം

കരീബിയന്‍ കടലില്‍ അമേരിക്കന്‍ വ്യോമാക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; 'അന്തര്‍ദേശീയ നിയമം ലംഘനമെന്ന്' വിമര്‍ശനം


വാഷിംഗ്ടണ്‍: കരീബിയന്‍ കടലില്‍ മയക്കുമരുന്ന് കടത്തുകാര്‍ സഞ്ചരിച്ചുവെന്ന് യുഎസ് അധികൃതര്‍ ആരോപിച്ച കപ്പലിനുനേരെ നടത്തിയ അമേരിക്കന്‍ സൈനിക വ്യോമാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച (നവംബര്‍ 1) നടന്ന ആക്രമണം അമേരിക്കന്‍ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്ത് ആണ് സ്ഥിരീകരിച്ചത്.

യുഎസിന്റെ പ്രതിരോധ വകുപ്പായ പെന്റഗണ്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കരീബിയന്‍ മേഖലയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. നാവിക കപ്പലുകള്‍ വിന്യസിക്കുകയും പ്യൂര്‍ട്ടോ റിക്കോയിലായി എഫ്-35 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തല്‍ ശൃംഖലകള്‍ തകര്‍ക്കുകയെന്നതാണ് ലക്ഷ്യമെന്ന് പെന്റഗണ്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആക്രമണങ്ങളില്‍ സാധാരണ പൗരന്മാരാണ് ഇരയാകുന്നതെന്നും മറിച്ചുള്ള തെളിവുകള്‍ പരസ്യമാക്കുന്നില്ലെന്നും ആരോപിച്ച് പ്രദേശിക രാജ്യങ്ങള്‍ വന്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

'അന്തര്‍ദേശീയ ജലപരിധിയിലുള്ള ഒരു മയക്കുമരുന്ന് കടത്ത് കപ്പലിന്മേല്‍ ആക്രമണം നടത്തി; കപ്പലിലുണ്ടായിരുന്ന മൂന്നു നാര്‍ക്കോതീവ്രവാദികള്‍ കൊല്ലപ്പെട്ടു' എന്നാണ് ഹെഗ്‌സെത്ത് 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ (മുന്‍ ട്വിറ്റര്‍) കുറിച്ചത്.
അദ്ദേഹം ആക്രമണ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോയും പുറത്തുവിട്ടെങ്കിലും, അതിലെ ചില ഭാഗങ്ങള്‍ മങ്ങിയ നിലയിലായതിനാല്‍ വിശദാംശങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.

പെന്റഗണ്‍ സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍, പസഫിക് സമുദ്ര പ്രദേശങ്ങളില്‍ 15ലേറെ സമാനമായ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ കുറഞ്ഞത് 65 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കപ്പലുകള്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടു എന്നതിന് യുഎസ് ഇതുവരെ യാതൊരു തെളിവും പുറത്തുവിട്ടിട്ടില്ലെന്നാണ് വിമര്‍ശനം.

'ഈ ആക്രമണങ്ങള്‍ക്ക് അന്തര്‍ദേശീയ നിയമത്തില്‍ യാതൊരു ന്യായവുമില്ലെന്ന് യു.എന്‍. മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് യുഎസിനെ ശക്തമായി വിമര്‍ശിച്ചു. വര്‍ധിച്ചുവരുന്ന മനുഷ്യനാശം അംഗീകരിക്കാനാകില്ല,' എന്നും അദ്ദേഹം പ്രസ്താവിച്ചു.

ആക്രമണങ്ങളെ അപലപിച്ച് വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും രംഗത്തെത്തി. 'മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ യുഎസ് വെനിസ്വേലയിലെ ഭരണകൂട മാറ്റത്തിനും എണ്ണസമ്പത്ത് പിടിച്ചെടുക്കുന്നതിനുമാണ് ശ്രമിക്കുന്നത്,' എന്നായിരുന്നു മഡൂറോയുടെ ആരോപണം.

ലാറ്റിന്‍ അമേരിക്കന്‍ മയക്കുമരുന്ന് കാര്‍ട്ടലുകളുമായുള്ള 'സായുധ സംഘര്‍ഷം' തന്നെയാണിതെന്ന വാദമാണ് യുഎസ് ഭരണകൂടം കോണ്‍ഗ്രസിനോടുള്ള വിശദീകരണത്തില്‍ നിരത്തിയത്. ഇവരെ തീവ്രവാദ സംഘടനകളായി വര്‍ഗ്ഗീകരിച്ച് ആക്രമണങ്ങളെ നിയമപരമായി ന്യായീകരിക്കുകയാണ് വാഷിംഗ്ടണ്‍.