റഷ്യ 'ഒറെഷ്‌നിക്' ഹൈപ്പർസോണിക് മിസൈൽ ഉപയോഗിക്കാനൊരുങ്ങുന്നുവെന്ന് സൂചന; മുന്നറിയിപ്പുമായി സെലൻസ്‌കി

റഷ്യ 'ഒറെഷ്‌നിക്' ഹൈപ്പർസോണിക് മിസൈൽ ഉപയോഗിക്കാനൊരുങ്ങുന്നുവെന്ന് സൂചന; മുന്നറിയിപ്പുമായി സെലൻസ്‌കി


കൈവ്:   റഷ്യ അതിവേഗ 'ഒറെഷ്‌നിക്' ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അറിയിച്ചു. അമേരിക്കയും യൂറോപ്യൻ പങ്കാളികളും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമൂഹ്യമാധ്യമമായ എക്‌സിൽ നടത്തിയ പ്രതികരണത്തിൽ, 'റഷ്യ ഒറെഷ്‌നിക് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഞങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ വിവരങ്ങൾ പരിശോധിച്ചുവരികയാണ്,' എന്ന് സെലൻസ്‌കി പറഞ്ഞു.

റഷ്യൻ ആക്രമണങ്ങൾക്കെതിരെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയാണെന്നും ഓരോ ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ അടുത്ത 24 മണിക്കൂറിനുള്ളിൽ യുക്രെയ്‌നിനെതിരെ 'ഗുരുതരമായ വ്യോമാക്രമണം' ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കൈവിലെ അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകി. വ്യോമാക്രമണ ജാഗ്രത പ്രഖ്യാപിക്കുകയാണെങ്കിൽ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അമേരിക്കൻ പൗരന്മാരോട് എംബസി നിർദേശിച്ചു.

മറുവശത്ത്, യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ലുഹാൻസ്‌ക് മേഖലയിലെ സ്റ്റാരോബിൽസ്‌കിലെ കോളജ് ഹോസ്റ്റലിൽ നിരവധി പേർ കൊല്ലപ്പെട്ടതായും ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റതായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ആരോപിച്ചു. സംഭവത്തിന് മറുപടി നൽകാനുള്ള നിർദേശങ്ങൾ സൈന്യത്തോട് ആവശ്യപ്പെട്ടതായും പുട്ടിൻ വ്യക്തമാക്കി.

'വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനകൾ മാത്രം മതിയാകില്ല. പ്രത്യാക്രമണ നടപടികൾക്കായുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തോട് നിർദേശം നൽകിയിട്ടുണ്ട്,' എന്ന് പുട്ടിൻ പറഞ്ഞു.

എന്നാൽ കോളജ് ഹോസ്റ്റലിനെ ആക്രമിച്ചെന്ന റഷ്യയുടെ ആരോപണം യുക്രെയ്ൻ സൈന്യം നിഷേധിച്ചു. റഷ്യൻ സൈന്യത്തിന്റെ 'റൂബികോൺ' ഡ്രോൺ യൂണിറ്റിന്റെ ആസ്ഥാനമാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ സൈനിക മേധാവികൾ വ്യക്തമാക്കി. സാധാരണ പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന യൂണിറ്റാണിതെന്നും റഷ്യൻ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും യുക്രെയ്ൻ ആരോപിച്ചു.

റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹൈപ്പർസോണിക് മിസൈൽ ഉപയോഗ സാധ്യത ഉയർന്നതോടെ യൂറോപ്പിലുടനീളം ആശങ്ക ശക്തമായിരിക്കുകയാണ്.