സാന്‍ഫ്രാന്‍സിസ്‌കോ: പതിനായിരം ജീവനക്കാരെ വെട്ടിക്കുറക്കുന്നതായുള്ള വാര്‍ത്തകള്‍ക്ക് ടെക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സ്ഥിരീകരണം. ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് കമ്പനി അറിയിച്ചു.
ഇത് മൊത്തം തൊഴിലാളികളുടെ ഏകദേശം 5 ശതമാനത്തോളം വരും. രാജ്യത്തെ സാമ്പത്തിക അവസ്ഥകളുടെയും, മാറുന്ന ഉപഭോക്തൃ മുന്‍ഗണനകളുടെയും ഫലമായി ആയിരക്കണക്കിന് ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
അതേസമയം, ഇന്ത്യയില്‍ എത്രമാത്രം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നതിന് ടെക് ഭീമന്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.''നമ്മുടെ മൊത്തം ജീവനക്കാരുടെ അടിത്തറയുടെ 5 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക്, ചില അറിയിപ്പുകള്‍ ഇന്ന് വരും'' പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നാദെല്ല ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ എഴുതി.
അടുത്തിടെയുള്ള ഒരു റെഗുലേറ്ററി ഫയലിംഗില്‍, പിരിച്ചുവിടലിനെക്കുറിച്ച് ഇതിനകം തന്നെ ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. മൈക്രോസോഫ്റ്റിന് മുമ്പ്, ആമസോണ്‍, ട്വിറ്റര്‍, മെറ്റ തുടങ്ങിയ വലിയ ടെക് കമ്പനികളും കഴിഞ്ഞ കുറച്ച് മാസങ്ങളായി അവരുടെ തൊഴിലാളികളുടെ വലിയൊരു ഭാഗം പിരിച്ചുവിട്ടിരുന്നു.
'വിപണിക്ക് അനുസരിച്ചുള്ള വേതനം, ആറ് മാസത്തേക്ക് തുടരുന്ന ആരോഗ്യ പരിരക്ഷ, ആറ് മാസത്തേക്ക് സ്റ്റോക്ക് അവാര്‍ഡുകള്‍ തുടരല്‍, കരിയര്‍ ട്രാന്‍സിഷന്‍ സേവനങ്ങള്‍, കൂടാതെ പിരിച്ചുവിടലിന് 60 ദിവസത്തെ അറിയിപ്പ് എന്നിവയുള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ബാധിക്കപ്പെട്ട ജീവനക്കാര്‍ക്ക് ലഭിക്കുമെന്നും നദെല്ല വ്യക്തമാക്കി.
ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ബാധകമായ ആനുകൂല്യങ്ങള്‍ നാദെല്ല വ്യക്തമാക്കിയിട്ടില്ലെങ്കിലും ''യുഎസിന് പുറത്തുള്ള ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഓരോ രാജ്യത്തെയും തൊഴില്‍ നിയമങ്ങള്‍ക്ക് അനുസരിച്ചിരിക്കും'' എന്ന് അദ്ദേഹം പരാമര്‍ശിച്ചു.