എന്‍ ഡി ടി വി അദാനിയുടെ കൈകളിലേക്ക്


NOVEMBER 16, 2022, 4:24 AM IST

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ ഡി ടി വിയുടെ 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അംഗീകരിച്ചു. നവംബര്‍ 22 മുതല്‍ ഡിസംബര്‍ അഞ്ചു വരെയാണ് ഓപ്പണ്‍ ഓഫറിന്റെ കാലാവധി.

ഒരു ഷെയറിന് 294 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. എന്‍ ഡി ടി വിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ ആര്‍ പി ആര്‍ വഴി 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമേയാണ് സെബിയുടെ ചട്ടമനുസരിച്ച് 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പണ്‍ ഓഫര്‍ കൂടി അംഗീകരിക്കപ്പെട്ടത്. ഇത് സാധ്യമായതോടെ 55.18 ശതമാനം ഓഹരിയോടെ എന്‍ ഡി ടി വി അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും.

ആര്‍ ആര്‍ പി ആര്‍ ഐ സി ഐ സി ഐ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കുന്നതിനായി 2009ല്‍ വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും 400 കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പകരമായി ആര്‍ ആര്‍ പി ആറിന്റെ 99.5 ശതമാനം ഓഹരിയാണ് ഈട് വെച്ചിരുന്നത്. പിന്നീട് വിശ്വപ്രധാന്‍ അദാനി ഗ്രൂപ്പിന്റെ ഭാഗമാവുകയായിരുന്നു. കടമെടുത്ത തുകയ്ക്ക് പകരം ആര്‍ ആര്‍ പി ആറിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവകാശത്തെയാണ് അദാനി ഗ്രൂപ്പ് ഉപയോഗിച്ചത്.