അദാനി ഡേറ്റ സ്റ്റോറേജ് മേഖലയിലേക്ക്


JULY 19, 2019, 10:22 AM IST

രത്‌നവ്യാപാരം, ഖനനം, തുറമുഖങ്ങൾ, ഊർജോത്പാദനം തുടങ്ങിയ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന അദാനി ഗ്രൂപ്പ് ഡേറ്റ സ്റ്റോറേജ് മേഖലയിലേക്ക് തിരിയുകയാണ്.

നിലവിൽ 10 ബില്യൺ ഡോളർ ആസ്തിയുള്ള വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായ ഗൗതം അദാനി ഇനി ലക്ഷ്യം വയ്ക്കുന്നത് ആമസോൺ, ആൽഫബെറ്റ് കമ്പനിയുടെ ഗൂഗിൾ എന്നിവക്ക് ഡേറ്റ സംഭരണ സേവനങ്ങൾ വിൽക്കാനാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

അദാനിയുടെ നീക്കത്തിന് ബിജെപി സർക്കാരിന്റെ  പിന്തുണയുണ്ടെന്ന് വേണമെങ്കിൽ കരുതാം.  ഡേറ്റ  തദ്ദേശീയമായിത്തന്നെ സൂക്ഷിക്കുന്നതിന് നിർബ്ബന്ധിക്കുന്ന ഒരു നിയമം പാസാക്കുന്ന കാര്യം പരിഗണിക്കുകയാണ് മോഡി  ഗവണ്മെന്റ്. 

അടുത്ത രണ്ടു ദശകങ്ങൾക്കുള്ളിൽ ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഡേറ്റ സംഭരണ പാർക്കുകൾ സ്ഥാപിക്കുന്നതിനായി 700 ബില്യൺ രൂപ (10.2 ബില്യൺ ഡോളർ) നിക്ഷേപിക്കുന്നതിനാണ് അദാനി ആലോചിക്കുന്നത്. സ്മാർട്ട് ഫോണുകളുടെയും ഇന്റർനെറ്റിന്റെയും ഉപയോഗം വ്യാപകമാകുന്നതോടെ വിദേശ ടെക് കമ്പനികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് നീക്കം.

ഗവണ്മെന്റിന്റെ പരിഗണനയിലുള്ള നിയമം നടപ്പാക്കുന്ന പക്ഷം ഉയർന്ന ശേഷിയുള്ള ഡേറ്റ സംഭരണ സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു വിസ്‌ഫോടനം തന്നെ ഇന്ത്യയിലുണ്ടാകുമെന്നാണ് വളരെ അപൂർവമായി മാത്രം നൽകാറുള്ള ഒരു അഭിമുഖത്തിൽ അദാനി പറഞ്ഞത്. ലോകത്തിലെ ആമസോണുമാരെയും ഗൂഗിളുമാരെയും ആകർഷിക്കുന്ന ബഹുശതം കോടി ഡോളറിന്റെ ഒരു പദ്ധതിയാകുമത്.

അദാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ  പതിവ് സമീപനം തന്നെയാണിക്കാര്യത്തിലും പ്രകടമാകുന്നത്. പ്രത്യേകിച്ചും ഗവണ്മെന്റിനു താൽപ്പര്യമുള്ളതും വേഗതയിൽ വളർച്ച പ്രാപിക്കുന്നതുമായ പുതിയ വ്യവസായതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും അതിന്റെ പരമാവധിയിലെത്തിക്കുകയും ചെയ്യുകയെന്ന സമീപനമാണത്.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ 5 ട്രില്യൺ ഡോളറിന്റെ സമ്പദ്ഘടനയാക്കുകയെന്ന  ലക്ഷ്യത്തോടെ നീങ്ങുന്ന ഗവണ്മെന്റ് അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാൻ ശ്രമിക്കുകയാണ്. 

നഗരങ്ങളിൽ പാചകത്തിനും ഗതാഗതത്തിനുമായുള്ള ഗവണ്മെന്റിന്റെ വാതക വിതരണ പദ്ധതികളുടെ ലൈസൻസുകൾ ഏറെയും സമ്പാദിച്ചത് അദാനിയാണ്. വാതക വിതരണത്തിൽ രാജ്യത്തെ ഏറ്റവും വലിയ ചില്ലറ വ്യാപാരിയായി അത് അദാനി ഗ്രൂപ്പിനെ മാറ്റും. സൈനികോപകരണങ്ങൾ തദ്ദേശീയമായിത്തന്നെ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചയുടൻ തന്നെ സൈന്യത്തിന് പ്രതിരോധ ഉപകരണങ്ങൾ നൽകുന്നതിനുള്ള ശേഷി കൈവരിക്കുന്നതിനായി അദാനി ശ്രമം തുടങ്ങുകയും ഡിഫൻസ് കോൺട്രാക്ടർമാരിൽ നിന്നും ധാരാളമായി വാങ്ങിക്കൂട്ടുകയും ചെയ്തു.

രാജ്യത്തെ വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അവകാശം മറ്റാരേക്കാളും കൂടുതൽ കൂടുതൽഎതിരാളികളുടെ ഇരട്ടിയെന്നു പറയാംകരസ്ഥമാക്കിയത് അദാനി ഗ്രൂപ്പാണ്. ഇനിയിപ്പോൾ ഒറ്റയടിക്ക് ആറു വിമാനത്താവളങ്ങളുടെ കൂടി നിയന്ത്രണം  അദാനി ഗ്രൂപ്പിന് വന്നു ചേരും. അടിസ്ഥാന സൗകര്യങ്ങളിലൂടെ രാഷ്ട്രനിർമ്മാണമാണ് പ്രധാന ലക്ഷ്യമെന്നും ഗവണ്മെന്റ് വിഭാവനം ചെയ്യുന്ന കാര്യങ്ങളിലാണ് അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദാനി പറയുന്നു.

Other News