ഇന്ത്യയിലെ ഇ- കൊമേഴ്‌സ് പോളിസിമാറ്റുമെന്ന പ്രതീക്ഷയിൽ ആമസോൺ


AUGUST 2, 2019, 12:26 PM IST

ന്യുഡൽഹി: കഴിഞ്ഞ ഡിസംബറിൽ  പ്രഖ്യാപിച്ച ഇകൊമേഴ്‌സ് പോളിസി ഇളവുകളോടെ ഭേദഗതി ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ആമസോൺ സി.എഫ്.ഒ ബ്രയാൻ ഒൽസാവ്‌സ്‌ക്കി. എങ്കിൽ മാത്രമേ കമ്പനി ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

''നിലവിലെ പോളിസിയിൽ ഭേദഗതി വരുത്തി നിക്ഷേപങ്ങൾ ആകർഷിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമെന്നാണ് പ്രതീക്ഷ. എങ്കിൽ മാത്രമേ ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുള്ളൂ. അവസരം മുതലെടുക്കാൻ ഇന്ത്യക്കാകണം.'' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇകൊമേഴ്‌സ് കമ്പനികൾക്ക് കടിഞ്ഞാണിട്ട് കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച പോളിസി അമേരിക്കൻ ഭീമനായ ആമസോണിന് വൻ തിരിച്ചടിയായിരുന്നു. തങ്ങൾക്ക് ഓഹരിപങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനും 25 ശതമാനം വരുമാനം ഒരു പ്ലാറ്റ്‌ഫോമിൽ നിന്നും നേടുന്നതിന് കമ്പനികൾക്കും കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തി.ഈ വർഷം ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന നിയമം ഉത്പന്നങ്ങൾ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി മാത്രം വിൽക്കുന്നതും നിരോധിച്ചു.തുടർന്ന് ആമസോണിന്റെ ലാഭത്തിൽ കുറവു രേഖപ്പെടുത്തിയിരുന്നു.

നേരത്തെ അന്താരാഷ്ട്ര ബ്രാൻഡുകളെ ക്ഷണിച്ചുകൊണ്ട് കൂട്ടായ്മ ശക്തിപ്പെടുത്തി ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്യാൻ ആമസോൺ തയ്യാറെടുത്തിരുന്നു. ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്‌മെന്റ്  പ്രമോഷൻ ഫെസിലിറ്റേഷൻ ഏജൻസിയുമായി സഹകരിച്ചാണ് ആമസോൺ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിലൂടെ ഇന്ത്യൻ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനാണ് ആമസോണിൻറെ ശ്രമം.

ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്‌മെന്റ്  പ്രമോഷൻ ഫെസിലിറ്റേഷൻ ഏജൻസി, ഇന്ത്യയിലേക്ക് സുസ്ഥിര നിക്ഷേപം സുഗമമാക്കുന്നതിനും വിദേശ നിക്ഷേപകർക്ക് ധാരാളം നിക്ഷേപ സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ഈ സംരംഭത്തിന്റെ ഭാഗമായി രാജ്യത്ത് വിദേശ നിക്ഷേപം കൂടുതൽ ഉയർത്തുന്നതിനായി വിവിധ ബിസിനസ്, നിക്ഷേപ അവസരങ്ങൾ അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് നൽകും.

 ഇകൊമേഴ്‌സ് കയറ്റുമതി മാർഗ്ഗങ്ങളിലൂടെ ഇന്ത്യൻ ബ്രാൻഡുകൾക്ക് അന്താരാഷ്ട്ര വിപണികളിലെത്താനുള്ള ഒരു വേദിയും, വിപണന മാർഗ്ഗനിർദ്ദേശവും ആമസോൺ  നൽകും. ഇന്ത്യൻ ബ്രാൻഡുകൾക്ക് പുതിയതും വലുതുമായ വിപണികൾ കയ്യടക്കാൻ  ഇത് കാരണമാകും.

'താൽപ്പര്യമുള്ള ബ്രാൻഡുകളുമായുള്ള ആഴത്തിലുള്ള ചർച്ചകൾക്കായി ഞങ്ങൾ സമർപ്പിത വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുകയും ഞങ്ങളുടെ വ്യക്തിഗത സേവന ആവശ്യങ്ങൾ നിറവേറ്റുന്ന സേവന ദാതാക്കളുടെ ശ്രേണിയിലേക്ക് എത്തിച്ച് വിജയത്തിലേക്ക്  അവരെ കൈപിടിച്ച് ഉയർത്താൻ  സഹായിക്കുകയും ചെയ്യും'. ആമസോൺ ഇന്ത്യ സെല്ലർ സർവീസസ് വൈസ് പ്രസിഡന്റ് ഗോപാൽ പിള്ള പറഞ്ഞു.

Other News