ഒരു ദശലക്ഷം മൈല്‍ നീണ്ടുനില്‍ക്കുന്ന  ഇവി ബാറ്ററി വികസിപ്പിച്ച് ജനറല്‍ മോട്ടോര്‍സ്


MAY 20, 2020, 11:26 AM IST

മിഷിഗണ്‍:  ഒരു ദശലക്ഷം മൈല്‍ നീണ്ടുനില്‍ക്കുന്ന ഇലക്ട്രിക് വാഹന ബാറ്ററി വികസിപ്പിക്കുന്നതില്‍ ജനറല്‍ മോട്ടോഴ്സ് ഏതാണ്ട് ലക്ഷ്യത്തോട് അടുത്തെന്ന് കമ്പനി അധികൃതര്‍.

മാര്‍ച്ചില്‍ പുറത്തിറക്കിയ പുതിയ അള്‍ട്ടിയം ബാറ്ററിയേക്കാള്‍ കൂടുതല്‍ നൂതനമായ അടുത്ത തലമുറ ബാറ്ററികളുടെ കണ്ടുപിടിത്തത്തിലാണ് ജിഎം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്ന് ജിഎം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡഗ് പാര്‍ക്ക്‌സ് ഓണ്‍ലൈന്‍ സംഗമ സമ്മേളനത്തില്‍ സംസാരിക്കെവെ അറിയിച്ചു..

ദശലക്ഷം മൈല്‍ ബാറ്ററി എപ്പോള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയും എന്നതുസംബന്ധിച്ച്  അദ്ദേഹം വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ സീറോ-കോബാള്‍ട്ട് ഇലക്ട്രോഡുകള്‍, സോളിഡ് സ്റ്റേറ്റ് ഇലക്ട്രോലൈറ്റുകള്‍, അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങിയ മുന്നേറ്റങ്ങളില്‍ ജിഎമ്മിലെ 'ഒന്നിലധികം ടീമുകള്‍' പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ ഇലക്ട്രിക് വാഹന ബാറ്ററികള്‍ 100,000 മുതല്‍ 200,000 മൈല്‍ വരെ നീണ്ടുനില്‍ക്കുന്നതാണ്.

ചൈനീസ് ബാറ്ററി നിര്‍മാതാക്കളായ സിഎടിഎല്ലുമായി സഹകരിച്ച് പ്രമുഖ വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്ല ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ സ്വന്തമായി ഒരു ദശലക്ഷം മൈല്‍ ബാറ്ററി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി മെയ് തുടക്കത്തില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സിഎടിഎല്‍  മറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്ക് ബാറ്ററി സെല്ലുകള്‍ നല്‍കുന്നു, കൂടാതെ ചൈനയില്‍ ജിഎം ഉം അതിന്റെ പ്രാദേശിക പങ്കാളിയായ SAIC മോട്ടോറുമായി വിതരണ കരാറുകളും ഉണ്ട്.

ജിഎം തങ്ങളുടെ അള്‍ട്ടിയം അഡ്വാന്‍സ്ഡ് ബാറ്ററി സംവിധാനം മാര്‍ച്ചിലാണ് പുറത്തിറക്കിയത്. കൊറിയന്‍ പങ്കാളിയായ എല്‍ജി കെമുമായുള്ള ഒഹായോയിലെ 2.3 ബില്യണ്‍ ഡോളര്‍ ബാറ്ററി ഉല്‍പാദന സംയുക്ത സംരംഭത്തെ അള്‍ട്ടിയം സെല്‍സ് എല്‍എല്‍സി എന്ന് വിളിക്കുമെന്ന് ഡഗ് പാര്‍ക്ക്‌സ്  അറിയിച്ചു.

ബാറ്ററിയുടെ ചെലവ് കുറയ്ക്കുന്നതിന് ജിഎം, എല്‍ജി കെം എന്നിവ വിവിധ മാര്‍ഗങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് ജിഎമ്മിന്റെ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങളുടെ എക്‌സിക്യൂട്ടീവ് ചീഫ് എഞ്ചിനീയര്‍ ആദം ക്വിയാറ്റ്‌കോവ്‌സ്‌കി ചൊവ്വാഴ്ച മറ്റൊരു ഓണ്‍ലൈന്‍ നിക്ഷേപക സമ്മേളനത്തില്‍ പറഞ്ഞു.

ഖനികളില്‍ നിക്ഷേപം നടത്തുക, ലോഹങ്ങളുടെ വില നിയന്ത്രിക്കുക, ലോഹങ്ങളുടെ ശുദ്ധീകരണ സ്ഥാപനങ്ങളുമായി പങ്കാളിത്തം തുടങ്ങിയ സംരംഭങ്ങള്‍ക്ക് പങ്കാളികളെ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2025 ല്‍ അമേരിക്കയിലും ചൈനയിലും പ്രതിവര്‍ഷം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജിഎം ചീഫ് എക്‌സിക്യൂട്ടീവ് മേരി ബാര്‍റ ഈ വര്‍ഷം ആദ്യം വ്യക്തമാക്കിയിരുന്നു.

Other News