9000 കോടിയുടെ ബാധ്യത; അനിൽ അംബാനിയുടെ മറ്റൊരു കമ്പനി കൂടി പാപ്പരത്ത നടപടി നേരിടുന്നു


AUGUST 2, 2019, 12:01 PM IST

മൂംബൈ: കൂട്ടതകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന അനിൽ അംബാനിയുടെ വ്യവസായ സാമ്രാജ്യത്തിന് മറ്റൊരു തിരിച്ചടികൂടി. അനിൽ അംബാനി ഗ്രൂപ്പിലകപ്പെട്ട റിലയൻസ് നേവൽ ആൻഡ്  എൻജിനിയറിങ് കമ്പനിയ്‌ക്കെതിരെ ബാങ്കുകളുടെ കൺസോർഷ്യം പാപ്പരത്വ നടപടിയ്ക്ക് അനുമതി നൽകി. കമ്പനി നൽകിയ ഓഫർ നിരാകരിച്ചുകൊണ്ടാണ് എച്ച് ഡിഎഫ്്‌സി നേതൃത്വം നൽകുന്ന ബാങ്കുകൾ പാപ്പരത്വ നടപടിയുമായി മുന്നോട്ടുപോകുന്നത്.

നിലവിൽ 9000 കോടി ബാങ്കുകളിൽ നിന്നും വായ്പ എടുത്തിട്ടുള്ള റിലയൻസ് നേവൽ ആൻഡ് എഞ്ചിനീയറിംഗ് കമ്പനി ബാധ്യത ഓഹരിയാക്കി മാറ്റാം എന്ന ഓഫറാണ് ബാങ്കുകൾക്ക് മുന്നിൽ വച്ചത്. എന്നാൽ ബാങ്കുകൾക്ക് ഇത് സ്വീകാര്യമായില്ല. തുടർന്ന് ഇവർ പാപ്പരത്വ നടപടികളിലേയ്ക്ക് കടക്കുകയായിരുന്നു.

നേരത്തെ 75,000 കോടി രൂപ കടമുള്ള അനിൽ അംബാനിയെ സഹായിക്കാൻ സഹോദരൻ മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ആസ്തികൾ മുകേഷ് അംബാനിയുടെ ജിയോ ലേലത്തിൽ പിടിക്കാനൊരുങ്ങുകയാണ്.

എന്നാൽ ഇത് സംബന്ധിച്ച് കമ്പനികളുടെ സ്ഥിരീകരണമുണ്ടായിട്ടില്ല.ആർകോമിന്റെ പക്കലുള്ള ആസ്തികൾ ഉപയോഗപ്പെടുത്തി 5 ജി സർവീസുകൾ തുടങ്ങാനാണ് ജിയോയുടെ നീക്കം. ഇതിനായി  ആർകോമിന്റെ എയർവേവുകളും ടവറുകളുമാണ് ലേലത്തിൽ പിടിക്കുക.നവി മുംബൈയിലെ അനിലിന്റെ സ്വത്തും മുകേഷ് അംബാനി വാങ്ങിക്കും എന്നും റിപ്പോർട്ടുണ്ട്.

Other News