ഇന്ത്യയിൽ  ഐഫോൺ  നിർമാണം 2025 ഓടെ വർധിപ്പിക്കാനൊരുങ്ങി ആപ്പിൾ


SEPTEMBER 22, 2022, 11:47 AM IST

ന്യൂഡൽഹി: സ്മാർട്ട് ഫോൺ വിപണിയിൽ മികച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ഐഫോൺ നിർമ്മാണം വിപുലീകരിക്കാനൊരുങ്ങുന്നു. 2025-ഓടെ നാലിൽ ഒരു ഐഫോണും ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ബാങ്കിംഗ് കമ്പനി ആയ ജെപി മോർഗനിലെ വിദഗ്ധർ വ്യക്തമാക്കി.2022 അവസാനത്തോടെ ഐഫോൺ14 ന്റെ 5 ശതമാനം ഇന്ത്യയിൽ നിർമ്മിക്കുമെന്നും വിദഗ്ധർ അറിയിച്ചു.

2025-ഓടെ മാക്, ഐപാഡ്, ആപ്പിൾ വാച്ച്, എയർപോഡുകൾ എന്നിവയുൾപ്പെടെ എല്ലാ ആപ്പിൾ ഉൽപ്പന്നങ്ങളുടെയും ഏകദേശം 25 ശതമാനം ചൈനയ്‌ക്ക് പുറത്ത് നിർമ്മിക്കപ്പെടുമെന്നും കണക്കാക്കുന്നു.നിലവിൽ 5 ശതമാനം മാത്രമാണ് ചൈനയ്‌ക്ക് പുറത്ത് നിർമ്മിക്കുന്നത്.

രാജ്യത്ത് ഐഫോണുകൾ അവതരിപ്പിക്കുന്നതിന്റെ കാലതാമസം കുറയ്‌ക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് വിസ്ട്രോണുമായി ചർച്ച നടത്തുകയാണെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഐഫോൺ ഉൽപാദനത്തിൽ ചൈനയുടെ കാലതാമസം വരുന്നത് പരിഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ 2017-ൽ വിസ്‌ട്രോൺ വഴിയും പിന്നീട് പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുകയെന്ന ഉദ്ദേശത്തിൽ ഫോക്സ്‌കോണിലൂടെയും രാജ്യത്ത് ഐഫോൺ വിതരണം ആരംഭിച്ചിരുന്നു. ഐഫോൺ ഉൽപാദനം വർദ്ധിപ്പിക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്‌ക്കും ഗുണകരമാകും.

Other News