പാഠം ചൊല്ലിക്കൊടുത്ത് ബൈജൂസ് കയറിയത് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍, ഇപ്പോള്‍ ബില്ല്യണ്‍ ഡോളര്‍ ക്ലബിലും!


AUGUST 2, 2019, 11:38 AM IST

കൊച്ചി: കുറഞ്ഞ വര്‍ഷം കൊണ്ട് വിവരസാങ്കേതിക രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ച വച്ച വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ട് അപ്പ് ആയ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ശതകോടീശ്വര ക്ലബ്ബില്‍ പ്രവേശിച്ചു. കമ്പനിയുടെ മൂല്യം 40,000 കോടി രൂപ കടന്നതോടെയാണിത്.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടിയിരുന്നു. ഇത് ഏകദേശം 1,050 കോടി രൂപയോളം വരും. കമ്പനിയില്‍ 21 ശതമാനം ഓഹരികളാണ് ബൈജു രവീന്ദ്രന് സ്വന്തമായുള്ളത്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭം കൂടിയാണ് ബൈജൂസ് ആപ്പ്.ഇതിനു പുറമേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍ സ്ഥാനത്തേക്കും ബൈജൂസ് എത്തിയിട്ടുണ്ട്. ബെംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയായ ബെജു അധ്യാപകദമ്പതികളുടെ മകനാണ്. 2011ലാണ് ബൈജു രവീന്ദ്രന്‍ തിങ്ക് ആന്‍ഡ് ലേണ്‍ ആരംഭിക്കുന്നത്. പഠന സഹായിയായ പ്രധാന ആപ്പ് പുറത്തിറക്കിയതാകട്ടെ 2015ലും.

ബില്യണയര്‍ ക്ലബില്‍ ഇടം നേടിയ അപൂര്‍വം മലയാളികളില്‍ ഒരാളാണ് മുപ്പത്തിയേഴുകാരനായ ബൈജു.നൂറു കോടി ഡോളര്‍, അതായത് ഏകദേശം 7000 കോടി രൂപ സ്വത്തുക്കളുള്ള ഇന്ത്യക്കാരുടെ ലിസ്റ്റിങ്ങിലാണ് ബൈജു കഴിഞ്ഞ ദിവസം ഇടംപിടിച്ചത്. ബൈജൂസ് 8 വര്‍ഷം കൊണ്ട് 40,000 കോടി രൂപയുടെ മൂലധനം നേടിയിരുന്നു. ബെഗംളൂരുവിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് ഏകദേശം 1500 പേര്‍ ജോലി ചെയ്യുന്നുണ്ട്.

എട്ട് വര്‍ഷം മുന്‍പ് ആരംഭിച്ച ബൈജുവിന്റെ പടയോട്ടം ഇവിടെയൊന്നും അവസാനിക്കുന്ന മട്ടില്ല എന്നതാണ് മറ്റൊരു കാര്യം.

കാരണം ഇന്ത്യന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗം വളരുകയാണ് എന്നതുതന്നെ. 2020 ല്‍ അത് 5.7 ബില്ല്യണ്‍ ഡോളര്‍മൂല്യമുള്ളതായി തീരുമെന്നാണ് സര്‍ക്കാര്‍ സഹായത്തോടെ ഇന്ത്യ ബ്രാന്റ് ഇക്വിറ്റി ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. മാത്രമല്ല, ഫെയ്‌സ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തൊട്ട് ആഗോളഭീമന്മാരായ നാസ്‌പേഴ്‌സ് വെഞ്ച്വേഴ്‌സും ടെന്‍സെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡും ഈ രംഗത്ത് നിക്ഷേപസാധ്യത തേടുന്നുണ്ട് എന്ന കാര്യം പുറത്ത് വിട്ടത് ബൈജു തന്നെയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിദ്യാഭ്യാസ സാങ്കേതിക ആപ്പിന്റെ കുത്തകാവകാശം കയ്യാളുന്ന ബൈജൂസ് വീണ്ടും വളര്‍ച്ചകൈവരിക്കും എന്നര്‍ത്ഥം.

അഴീക്കോട് വീടിന് സമീപത്തെ പാടത്ത് പന്ത് തട്ടി നടന്നിരുന്ന ബൈജു രവീന്ദ്രന്‍ പരീക്ഷകള്‍ പാസ്സായിരുന്നത് സ്വയം പഠനത്തിലൂടെയായിരുന്നു. പിന്നീട് എഞ്ചിനീയറിംഗ് പാസ്സായി ബെഗളൂരുവില്‍ ജോലി തേടി എത്തിയതോടെ സുഹൃത്തുക്കളെ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ സഹായിച്ചു. പരീക്ഷയെ നേരിട്ടവര്‍ ഉന്നതവിജയം നേടി  ഉയര്‍ന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയതോടെ ബൈജുവിന്റെ ഡിമാന്റുയര്‍ന്നു. സഹായത്തിനായി സമീപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇതോടെ സ്‌റ്റേഡിയത്തിലാക്കി ട്യൂഷന്‍.അവിടെയും നില്‍ക്കാതെ വന്നപ്പോഴാണ് ആപ്പ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ബൈജു വിജ്ഞാനദാഹികളായ ഇന്ത്യന്‍ യുവത്വത്തെ വീടുകളില്‍ വന്ന് സന്ദര്‍ശിച്ചുതുടങ്ങിയത്.പഠനത്തിന് എളുപ്പവഴി തേടിയിരുന്ന ഈ ഇന്ത്യന്‍ യുവത്വം ബൈജുവിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന് തെളിവാണ് ഇപ്പോഴത്തെ ശതകോടി ക്ലബിലെ പ്രവേശനം. സ്മാര്‍്ട് ഫോണുകളുടെ വിലകുറവും ഇന്റര്‍നെറ്റ് താരിഫുകള്‍ ഇടിഞ്ഞതും ബൈജൂസിന്റെ കുതിപ്പിന് ആക്കം കൂട്ടുകയും ചെയ്്തു.

മൗസ് ഹൗസ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയ്ക്ക് ചെയ്തതെന്താണോ അതാണ് താന്‍ വിദ്യാഭ്യാസ രംഗത്ത് ചെയ്യാന്‍ ആഗ്രഹിച്ചതെന്ന് പറയുന്ന ബൈജു രവീന്ദ്രന്‍ തന്റെ ബൈജൂസ് ആപ്പിന്റെ പ്രവര്‍ത്തനം അമേരിക്കയിലേയ്ക്കും വ്യാപിപ്പിക്കുന്നുണ്ട.് വാള്‍ട്ട് ഡിസ്‌നി കോര്‍പ്പറേഷനുമായിട്ടാണ് ബൈജൂസ്  പുതുതായി കരാറിലെത്തിയിരിക്കുന്നത്. 2020 ല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി.സ്വന്തം നാടായ കേരളത്തിലും ബൈജൂസ് പുതിയ പ്രൊജക്ടുകള്‍ ആരംഭിക്കുന്നുണ്ട്.ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കമ്പനി തിരുവനന്തപുരത്തും കൊച്ചിയിലും പ്രൊഡക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. വിര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ ഉള്‍പ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളുള്ള പ്രൊഡക്ഷന്‍ സെന്ററുകളിലൊന്ന് തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കിലാണ് സ്ഥാപിക്കുക. ഇതിന്റെ കെട്ടിടമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ ആയിരം പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിക്കും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായ ഉടന്‍ സര്‍ക്കാറുമായി ധാരണപത്രം ഒപ്പുവയ്ക്കും.

ഇതിനെല്ലാം പുറമെ കിന്റര്‍ഗാര്‍ട്ടിനിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ അടിസ്ഥാന വിവരങ്ങള്‍ പഠിപ്പിക്കുന്ന ഈയിടെ തുടങ്ങിയ ആപ്പിനും ലോകമെമ്പാടും വലിയ ഡിമാന്റാണ് എന്നുള്ളതു  ബൈജൂസിന്റെ നൂതനാവിഷ്‌ക്കാരങ്ങള്‍ ലക്ഷ്യം കാണുന്നു എന്നതിന് തെളിവാണ്.

Other News