വായ്പ വാങ്ങുന്നവര്‍ വായ്പകള്‍ തരിച്ചടച്ച് അടച്ച് ഒരു മാസത്തിനുള്ളില്‍ അവരുടെ സ്വത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രിത സ്ഥാപനങ്ങളോടും തിരിച്ചുനല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)ആവശ്യപ്പെട്ടു. കാലതാമസം നേരിട്ടാല്‍, വായ്പ വാങ്ങുന്നയാള്‍ക്ക് ഒരു ദിവസം 5,000 രൂപ എന്ന നിരക്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് ആര്‍ബിഐ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ 2023 ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്സി), ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍ (എസ്എഫ്ബി), റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (ആര്‍ആര്‍ബി), സഹകരണ ബാങ്കുകള്‍ എന്നിങ്ങനെ എല്ലാ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും (ആര്‍ഇ) ആണ് ബുധനാഴ്ച റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്.
ഉത്തരവാദിത്തമുള്ള വായ്പാ പെരുമാറ്റത്തിന്റെ ഭാഗമായി, വായ്പ വാങ്ങുന്നയാള്‍ ലോണ്‍ പൂര്‍ണ്ണമായി തിരിച്ചടച്ച് കഴിഞ്ഞാല്‍ അല്ലെങ്കില്‍ സെറ്റില്‍മെന്റ് ചെയ്ത് കഴിഞ്ഞാല്‍, ഒറിജിനല്‍ വസ്തു രേഖകള്‍ 30 ദിവസത്തിനുള്ളില്‍ ഏതെങ്കിലും രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത ചാര്‍ജുകള്‍ നീക്കം ചെയ്തത് തിരികെ നല്‍കണം.
ബാങ്കിംഗ് ഔട്ട്ലെറ്റില്‍ നിന്നോ ലോണ്‍ അക്കൗണ്ട് സര്‍വീസ് ചെയ്ത ശാഖയില്‍ നിന്നോ അല്ലെങ്കില്‍ രേഖകള്‍ ലഭ്യമായ ആര്‍ഇയുടെ മറ്റേതെങ്കിലും ഓഫീസില്‍ നിന്നോ അവരുടെ മുന്‍ഗണന അനുസരിച്ച് ഒറിജിനല്‍ പ്രോപ്പര്‍ട്ടി രേഖകള്‍ വാങ്ങാനുള്ള ഓപ്ഷന്‍ വായ്പയെടുക്കുന്നയാള്‍ക്ക് ഉണ്ടായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു
2023 ഡിസംബര്‍ ഒന്നിനോ അതിന് ശേഷമോ നല്‍കിയ വായ്പാ അനുമതി കത്തുകളില്‍, യഥാര്‍ത്ഥ സ്വത്ത് രേഖകള്‍ തിരികെ നല്‍കേണ്ട സമയവും സ്ഥലവും വായ്പക്കാരന്‍ സൂചിപ്പിക്കണം.
വായ്പ വാങ്ങുന്നവര്‍ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യം പരിഹരിക്കുന്നതിന്, യഥാര്‍ത്ഥ സ്വത്ത് രേഖകള്‍ നിയമപരമായ അവകാശികള്‍ക്ക് തിരികെ നല്‍കുന്നതിന് വായ്പ നല്‍കുന്നവര്‍ക്ക് നന്നായി തയ്യാറാക്കിയ നടപടിക്രമം ഉണ്ടായിരിക്കണം ആര്‍ബിഐ പറഞ്ഞു. നിയന്ത്രിത സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്കായുള്ള മറ്റ് നയങ്ങളും നടപടിക്രമങ്ങളും സഹിതം അവരുടെ വെബ്സൈറ്റില്‍ നടപടിക്രമങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.
എന്തുകൊണ്ടാണ് പുതിയ നിര്‍ദ്ദേശങ്ങള്‍?
പ്രോപ്പര്‍ട്ടി രേഖകള്‍ പുറത്തുവിടുന്നതില്‍ ആര്‍ഇകള്‍ വ്യത്യസ്തമായ രീതികള്‍ പിന്തുടരുന്നതായി നിരീക്ഷിച്ചതായി ആര്‍ബിഐ പറഞ്ഞു. ഇത് ഉപഭോക്തൃ പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉത്തരവാദിത്തമുള്ള വായ്പാ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ആര്‍ബിഐ അറിയിച്ചു.
ഏത് തരത്തിലുള്ള വായ്പകളെയാണ് ബാധിക്കുന്നത്?
ഇത് വ്യക്തിഗത വായ്പകള്‍ക്കാണ്. ആര്‍ബിഐയുടെ നിര്‍വചനം അനുസരിച്ച്, വ്യക്തികള്‍ക്ക് നല്‍കുന്ന വായ്പകള്‍, ഉപഭോക്തൃ ക്രെഡിറ്റ്, വിദ്യാഭ്യാസ വായ്പ, സ്ഥാവര ആസ്തികള്‍ (ഭവനങ്ങള്‍ പോലുള്ളവ) സൃഷ്ടിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ നല്‍കുന്ന വായ്പകള്‍, ഓഹരികളും കടപ്പത്രങ്ങളും പോലുള്ള സാമ്പത്തിക ആസ്തികളിലെ നിക്ഷേപത്തിനായി നല്‍കിയ വായ്പകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ എല്ലാ വിഭാഗത്തിലുള്ള വായ്പകള്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും.
വായ്പ നല്‍കിയയാള്‍ പ്രോപ്പര്‍ട്ടി രേഖകള്‍ വിട്ടുനല്‍കാന്‍ കാലതാമസം വരുത്തിയാലോ?
ഒറിജിനല്‍ വസ്തു രേഖകള്‍ പുറത്തുവിടാന്‍ കാലതാമസം നേരിട്ടാലോ, ലോണിന്റെ പൂര്‍ണ്ണ തീര്‍പ്പിന് 30 ദിവസത്തിനപ്പുറം ബന്ധപ്പെട്ട രജിസ്ട്രിയില്‍ ചാര്‍ജ് തൃപ്തി ഫോം ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാലോ, ആര്‍ഇ കാലതാമസത്തിനുള്ള കാരണങ്ങള്‍ വായ്പ നല്‍കിയയാളോട് വിശദീകരിക്കണം.
'കാലതാമസം നിയന്ത്രിത സ്ഥാപനത്തിന് കാരണമാണെങ്കില്‍, കാലതാമസത്തിന്റെ ഓരോ ദിവസത്തിനും 5,000 രൂപ നിരക്കില്‍ വായ്പക്കാരന് നഷ്ടപരിഹാരം നല്‍കും,''ആര്‍ബിഐ പറഞ്ഞു.
യഥാര്‍ത്ഥ സ്വത്ത് രേഖകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍?
ഒറിജിനല്‍ പ്രോപ്പര്‍ട്ടി രേഖകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍, വസ്തു രേഖകളുടെ തനിപ്പകര്‍പ്പോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോ ലഭിക്കുന്നതിന് വായ്പ വാങ്ങിയയാളെ വായ്പ നല്‍കിയയാള്‍ സഹായിക്കുകയും അനുബന്ധ ചെലവുകള്‍ വഹിക്കുകയും ചെയ്യും. നിശ്ചിത 30 ദിവസത്തെ സമയപരിധിക്കപ്പുറമുള്ള കാലതാമസത്തിന് പ്രതിദിനം 5,000 രൂപ നല്‍കണമെന്നും ആര്‍ബിഐ അറിയിച്ചു.
എന്നിരുന്നാലും, അത്തരം സന്ദര്‍ഭങ്ങളില്‍, ഈ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ 30 ദിവസത്തെ അധിക സമയം ആര്‍ഇകള്‍ക്ക് ലഭ്യമാകും. കാലതാമസമുള്ള കാലയളവിലെ പിഴ അതിനുശേഷം, അതായത് മൊത്തം 60 ദിവസത്തെ കാലയളവിന് ശേഷം കണക്കാക്കും.
പുതിയ നിര്‍ദ്ദേശങ്ങള്‍ എപ്പോള്‍ ബാധകമാകും?
2023 ഡിസംബര്‍ ഒന്നിനോ അതിനു ശേഷമോ ഒറിജിനല്‍ രേഖകള്‍ നല്‍കുന്ന എല്ലാ കേസുകള്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമാകുമെന്ന് ആര്‍ബിഐ അറിയിച്ചു.